
കോഴിക്കോട് : പുറമേരി അറാംവെള്ളി റോഡിൽ പൂവുള്ളതിൽമുക്കിന് സമീപം സ്കൂൾബസിന്റെ ടയറിൽത്തട്ടി റോഡിലെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു. വെള്ളിയാഴ്ച രാവിലെ 8.35-നാണ് സംഭവം. വടകര അമൃതവിദ്യാലയത്തിലെ ബസ് കുട്ടികളെ സ്കൂളിൽ കൊണ്ടുപോകുന്നതിനായി മുതുവടത്തൂർ ഭാഗത്തേക്ക് പോകുന്നതിനിടയ്ക്കാണ് ബസിന്റെ മുൻഭാഗത്തുവെച്ച് റോഡിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്.
സ്ഫോടനത്തിനുപിന്നാലെ കനത്തപുകയും പരന്നു. ബസിൽ എട്ടോളം വിദ്യാർഥികൾ ഉണ്ടായിരുന്നു. വാഹനത്തിലുണ്ടായിരുന്ന വിദ്യാർഥികൾ ഭയന്ന് നിലവിളിച്ചു. അപ്രതീക്ഷിതമായ സ്ഫോടന ശബ്ദവും കുട്ടികളുടെ നിലവിളിയും കേട്ട് നാട്ടുകാരും ഓടിയെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മണ്ണിൽ കുഴി രൂപപ്പെട്ടതും ചിന്നിച്ചിതറിത്തെറിച്ച പത്രക്കടലാസ് താളുകൾ കാണുന്നതും. പുകയിൽ വെടി മരുന്നിന്റെ ഗന്ധവും അനുഭവപ്പെട്ടിരുന്നു. സ്ഫോടനത്തിൽ ബസിന്റെ മുൻഭാഗത്തെ ടയറിന് ഉപയോഗിക്കാൻ പറ്റാത്തവിധം കേടുപാടുകൾ സംഭവിച്ചിരുന്നു.
നാദാപുരം ഇൻസ്പെക്ടർ ടി.പി. നിധീഷ്, എസ്.ഐ. കെ. ശരത്ത് എന്നിവരുടെ നേതൃത്വത്തിൽ പോലീസും ഡോഗ് സ്ക്വാഡുകളും ബോംബ് സ്ക്വാഡുകളും സ്ഥലത്തെത്തി പരിശോധന നടത്തി. പത്രത്താളുകളിൽ വെടിമരുന്ന് നിറച്ച് റോഡിൽ ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി എന്താണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമാക്കാൻ പോലീസിന്റെ ഭാഗത്തുനിന്ന് നടപടികളുണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.




