Kozhikode

കോഴിക്കോട് ഐസിയു പീഡനം; മെഡിക്കൽ കോളേജ് ഡോക്ടർ തന്റെ മൊഴി പൂർണമായും രേഖപ്പെടുത്തിയില്ലെന്ന് അതിജീവിതയുടെ പരാതി

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിലെ ഐസിയു പീഡനത്തിൽ ഡോക്ടർക്കെതിരെ ഗുരുതര ആരോപണവുമായി അതിജീവിത. മൊഴി രേഖപ്പെടുത്തിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റ് കെവി പ്രീതക്കെതിരെയാണ് അതിജീവിതയുടെ ആരോപണം.

തൻ്റെ മൊഴി ഡോക്ടർ കൃത്യമായി രേഖപ്പെടുത്തിയില്ല. അന്തിമ കുറ്റപത്രം കോടതിയിൽ നിന്നും ലഭിച്ചപ്പോൾ മാത്രമാണ് ഇക്കാര്യം മനസ്സിലായതെന്നും അതിജീവിത പറഞ്ഞു. സംഭവത്തിൽ ഡോക്ടർക്കെതിരെ പൊലീസിനും മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിനും യുവതി പരാതി നൽകി.

ഡോക്ടറുടെ റിപ്പോർട്ട് കേസിനെ ദുർബലപ്പെടുത്തുമോ എന്ന് ആശങ്കയുണ്ടെന്നും അതിജീവിത പറഞ്ഞു. ഇരയുടെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന് സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനോട് അന്ന് ഡോക്ടർ പറയുന്നത് താൻ കേട്ടിരുന്നുവെന്ന് അതിജീവിതയുടെ ബന്ധു ആരോപിച്ചു.

അപ്പോൾ അതിൻ്റെ ഗൗരവം മനസ്സിലായിരുന്നില്ലെന്നും ബന്ധു പറഞ്ഞു. പരിക്ക് കണ്ടെത്താതിനാൽ ഇരയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചിട്ടില്ല എന്നും ഡോക്ടറുടെ റിപ്പോർട്ടിലുണ്ട്. കേസിലെ പ്രതി ശശീന്ദ്രന് കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു. അതിജീവിതയുടെ പരാതിയിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഒരു സമിതിയെ രൂപീകരിച്ചിട്ടുണ്ട്. ഈ സമിതി അടുത്ത തിങ്കളാഴ്ച ഇരയുടെ മൊഴി രേഖപ്പെടുത്തും.

Related Articles

Leave a Reply

Back to top button