
കോഴിക്കോട് : രാജ്യത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും പൊതുനന്മയ്ക്കുവേണ്ടി ആശയങ്ങളിൽ വിട്ടുവീഴ്ചവരുത്താതെ മറ്റുള്ളവരുമായി യോജിക്കാമെന്ന് സമസ്തകേരള ജംഇയത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങളുമായി നേരത്തേ അങ്ങനെ യോജിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമസ്ത നൂറാംവാർഷികത്തിന്റെ ഭാഗമായി നടത്തുന്ന ശതാബ്ദിസന്ദേശയാത്രയ്ക്ക് കോഴിക്കോട്ടുനൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.
രാജ്യത്തിന് മാതൃകയാവുന്നരീതിയിൽ കേരളത്തിൽ മതസാഹോദര്യം നിലനിർത്തുന്നതിന് സമസ്തയുൾപ്പെടെയുള്ള സുന്നി സംഘടനകൾ കരുത്തുപകർന്നുവെന്ന് സ്വീകരണം ഉദ്ഘാടനംചെയ്തുകൊണ്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. രാജ്യത്തെ അരക്ഷിതാവസ്ഥയെ ഉപയോഗപ്പെടുത്തി ഈ രാജ്യത്ത് രക്ഷയില്ലെന്നരീതിയിൽ അപകടരമായ പ്രവർത്തനം നടത്തുന്നവരുണ്ട്. മതവിശ്വാസത്തിന് മുകളിൽ വർഗീയതയെ പ്രതിഷ്ഠിക്കാനാണ് ചിലർ ശ്രമിക്കുന്നത്. സമസ്ത ഉൾപ്പെടെയുള്ള സംഘടനകളെ നിർവീര്യമാക്കാനും ഇത്തരം മതവർഗീയശക്തികളുടേതാണ് അവസാന വാക്കെന്ന് വരുത്തിത്തീർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സ്വാഗതസംഘം ചെയർമാൻ എ.വി അബ്ദുറഹ്‌മാൻ മുസ്‌ല്യാർ അധ്യക്ഷതവഹിച്ചു. ഷാഫി പറമ്പിൽ എംപി, എംഎൽഎമാരായ കെ.ടി. ജലീൽ, അഹമ്മദ് ദേവർകോവിൽ, പി.ടി.എ. റഹീം, സമസ്ത നേതാക്കളായ എം.ടി. അബ്ദുല്ല മുസ്‌ല്യാർ, മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ഉമർ ഫൈസി മുക്കം, ബഷീറലി ശിഹാബ് തങ്ങൾ, ഒളവണ്ണ അബൂബക്കർ ദാരിമി, ബഷീർ ഫൈസി ചീക്കോന്ന്, കെ. സൈനുൽ ആബിദീൻ സഫാരി, ടി.പി.സി. തങ്ങൾ, ഫിലിപ്പ് ജോൺ, കെ. മോയിൻകുട്ടി, മുസ്തഫ മുണ്ടുപാറ, കൊടക് അബ്ദുറഹ്‌മാൻ മുസ്‌ല്യാർ, ഒ.പി. അഷ്‌റഫ്, ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ, കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ്, ഫരീദ് റഹ്‌മാനി കാളികാവ്, അൻവ്വർ മുഹ്‌യുദ്ദീൻ ഹുദവി ആലുവ, ഇബ്രാഹിം ഫൈസി പേരാൽ എന്നിവർ സംസാരിച്ചു.




