
ചക്കിട്ടപാറ:മലയോര മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടരുന്ന കനത്ത മഴയിലും,ഇടിമിന്നലേറ്റും വ്യാപക നാശനഷ്ടം തുടരുന്നു. ചക്കിട്ടപാറ,കൂരാച്ചുണ്ട് പഞ്ചായത്തുകളിലാണ് വീടിനും കാർഷിക വിളകൾക്കും നാശം സംഭവിച്ചത്. പുത്തരിപ്പാറ – ചുമപ്പുങ്കൽ തോട് കരകവിഞ്ഞ് ചെമ്പനോട ഇല്ലിക്കൽ കോളനിയിലെ വീടുകളിൽ വെള്ളം കയറി. ബിനു ദീപാസദനം,ഗോപി തിരുവിളക്കിൽ,ലീല പുത്തൻപുരയിൽ,വിഷ്ണു കൊലവൻകുന്നത്ത് എന്നിവരുടെ വീടുകളാണ് വെള്ളത്തിലായത്. ഇല്ലിക്കൽ കോളനി റോഡ് വെള്ളം കുത്തിയൊഴുകി തകർന്നു.
ഇല്ലിക്കൽ കോളനി,പുത്തരിപ്പാറ എസ്‌സി കോളനി കുടിവെള്ള പദ്ധതി കിണറുകൾ വെള്ളം നിറഞ്ഞ് നാശം സംഭവിച്ചു. കൊറത്തിപ്പാറ ജലനിധി പദ്ധതി പൈപ്പിട്ട മേഖലയിൽ പാതയോരത്ത് ഗർത്തം രൂപപ്പെട്ടു. ഇടിമിന്നലിൽ കാഞ്ഞിരക്കാട്ടുതൊട്ടിൽ കുര്യന്റെ വീടിന്റെ വയറിങ്,വൈദ്യുത ഉപകരണങ്ങൾ തകർന്നു. 50000 രൂപയോളം നഷ്ടം സംഭവിച്ചു. തോട് കവിഞ്ഞൊഴുകി പുറത്തേമഠത്തിൽ മനോജിന്റെ മതിൽ നശിച്ചു. പഞ്ചായത്തംഗം ലൈസ ജോർജ്,ചെമ്പനോട വില്ലേജ് ഓഫിസർ ഇൻചാർജ് അസീസ് എന്നിവർ സ്ഥലം സന്ദർശിച്ചു.





