
കോഴിക്കോട് : ആരവങ്ങളോടെയാണ് തെക്കേപ്പുറത്തെ തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് വന്നിറങ്ങിയ മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ യുഡിഎഫ് പ്രവർത്തകർ വരവേറ്റത്. കുറ്റിച്ചിറയിൽ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള കുടുംബസംഗമത്തിലാണ് ആദ്യമെത്തിയത് .ചുരുങ്ങിയ വാക്കുകളിൽ പ്രസംഗം, സർക്കാരിനുനേരേയുള്ള വിമർശനങ്ങൾക്ക് കൈയടികൾ ഉയർന്നു. 10 വർഷം കൊണ്ട് മെഡിക്കൽ കോളേജിൽ പഞ്ഞിവാങ്ങാൻ കാശില്ലാത്തവിധത്തിൽ സർക്കാരിനെ എത്തിച്ചതാണ് ഇടതുപക്ഷത്തിന്റെ നേട്ടമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങളെ മറികടന്ന് എത്തിയ ഡോ. എം.കെ. മുനീർ എംഎൽഎയും മൂർച്ചയേറിയ നർമം കൊണ്ട് സദസ്സിനെ ഇളക്കിമറിച്ചു. സുവർണ ക്ഷേത്രം പഞ്ചാബിലായത് നന്നായി കേരളത്തിലായിരുന്നെങ്കിൽ ചെമ്പുക്ഷേത്രമായി മാറിയേനെയെന്ന് ഡോ. എം.കെ. മുനീർ പറഞ്ഞതോടെ കൂട്ടച്ചിരിയായി. പന്നിയങ്കരയിലെ യുഡിഎഫ് സ്ഥാനാർഥി അർഷുൽ അഹമ്മദും എത്തിയിരുന്നു.
കുടുംബസംഗമം കഴിഞ്ഞ് തൊട്ടപ്പുറത്ത് മുഖദാർ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ടി.പി.എം ജിഷാന്റെ റോഡ്‌ഷോ. കുഞ്ഞാലിക്കുട്ടിയെത്തിയതോടെ മുദ്രാവാക്യങ്ങൾ ഉയർന്നുപൊങ്ങി. വൻ വരവേൽപ്പിൽ സ്ഥാനാർഥിക്കും പ്രവർത്തകർക്കുമൊപ്പം കുഞ്ഞാലിക്കുട്ടിയും റോഡ്‌ഷോയിൽ അണിനിരന്നു. കെപിസിസി ജനറൽ സെക്രട്ടറി കെ. ജയന്ത്, നേതാക്കളായ എം.എ. റസാഖ്, ടി.ടി. ഇസ്മയിൽ, നൂർബിന റഷീദ്, കെ.സി. അബു, സി.കെ. സുബൈർ, കെ. മൊയ്തീൻകോയ, പി. മമ്മദ്‌കോയ, എൻ.സി. അബൂബക്കർ, ഫൈസൽ പള്ളിക്കണ്ടി, ആദംമുൽസി എന്നിവർ രണ്ടുയോഗത്തിലുമായി പ്രസംഗിച്ചു.





