
ഓമശ്ശേരി : കൂടത്തായ്, നീലേശ്വരം, പുത്തൂർ, രാരോത്ത് എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് 1971-ലാണ് സ്ഥാപിതമായത്. കോൺഗ്രസിൽ നിന്നെത്തിയ പി.പി. സയ്യിദ് പുത്തംപുരയിൽ ആയിരുന്നു ആദ്യത്തെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്. പിന്നീടിങ്ങോട്ട് ഇടതിനെയും വലതിനേയും മാറി മാറി ഓമശ്ശേരിക്കാർ പരീക്ഷിച്ചു. കഴിഞ്ഞ 15 വർഷമായി യുഡിഎഫാണ് ഭരണത്തിൽ.
കാർഷികവൃത്തിയിൽനിന്ന് ഉപജീവനമാർഗം കണ്ടെത്തുന്ന സാധാരണക്കാർ വസിക്കുന്ന മലയോര പഞ്ചായത്തുകൂടെയാണ് ഓമശ്ശേരി. വികസന കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത മുന്നണിക്കൊപ്പംനിന്ന ചരിത്രമാണ് ഓമശ്ശേരിക്കുള്ളത്. ഭരണനേട്ടങ്ങൾ ഉയർത്തിയാണ് ഇത്തവണ യുഡിഎഫ് പോരാട്ടത്തിനിറങ്ങുന്നത്. ഗ്രാമപ്പഞ്ചായത്ത് തലത്തിൽ നടത്തിയ ഒട്ടേറെ വികസന പ്രവർത്തങ്ങൾ വോട്ടാകുമെന്ന പ്രതീക്ഷയിലാണ് വലത് പാളയം. എന്നാൽ വയനാട് ദുരിതാശ്വാസനിധിപോലും തട്ടിയെടുത്ത യുഡിഎഫിന്റെ അഴിമതികൾ ജനങ്ങൾക്ക് മുമ്പിൽ തുറന്ന് കാട്ടുമെന്നും ഇത്തവണ ഓമശ്ശേരിക്കാർ ഇടതിനെ നെഞ്ചിലേറ്റുമെന്നും ഇടത് മുന്നണി ഉറച്ച് വിശ്വസിക്കുന്നു. നേരത്തേ സ്ഥാനാർഥികളെ കണ്ടെത്തി മികച്ച തയ്യാറെടുപ്പുകളോടെയാണ് ഇത്തവണ എൽഡിഎഫ് മുന്നേറുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ക്രമാനുഗതമായി വോട്ട് വർധിപ്പിച്ച ബിജെപിയും ശക്തമായി മത്സര രംഗത്തുണ്ട്. പഞ്ചായത്തിലെ രണ്ട്, 19, 18 എന്നീ വാർഡുകളിൽ ശക്തമായ ത്രികോണ മത്സരം നടക്കും. കഴിഞ്ഞ തവണ മികച്ച പ്രകടനം നടത്തിയ വാർഡുകൾ കേന്ദ്രീകരിച്ച് ബിജെപിയും ശക്തമായ പ്രവർത്തനം നടത്തിവരുന്നു.





