
ഇന്ത്യന്‍ ഭരണഘടയ്ക്ക് ഇന്ന് 76 വയസ്. മൂല്യങ്ങള്‍ ഓര്‍മിപ്പിച്ച് രാജ്യം ഇന്ന് ഭരണഘടന ദിനം ആചരിക്കുകയാണ്. പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ഇന്ന് രാഷ്ട്രപതി ദ്രൗപതി മുർമു ഭരണഘടനയുടെ ആമുഖം വായിക്കും. മലയാളമടക്കം 9 ഭാഷകളില്‍ ഭരണഘടനയുടെ ഡിജിറ്റല്‍ പതിപ്പും പ്രസിദ്ധീകരിക്കും.ഇന്ത്യയ്ക്ക് ദിശാബോധം നല്‍കുന്ന അടിസ്ഥാന പ്രമാണം, ഭരണഘടനയ്ക്ക് ഇന്ന് 76ന്‍റെ കരുത്ത്. 75 വർഷമായി രാജ്യത്ത് നീതിയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും പൗരാവകാശങ്ങളും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നു ഭരണഘടന. 1949 നവംബർ 26 ന് ഭരണഘടനാ അസംബ്ലി ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണയാണ് ദിനാചരണം. ഒപ്പം ഭരണഘടനാ മൂല്യങ്ങളുടെ ഓര്‍മപ്പെടുത്തലും.
ഭരണഘടന പദവി വഹിക്കുന്നവര്‍തന്നെ ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്നുവെന്ന വിമര്‍ശനവുമുണ്ട്. ബില്ല് ഒപ്പിടാന്‍ സമയപരിധിവെച്ച വിധി തെറ്റെന്ന് രാഷ്ട്രപതിയുടെ റഫറന്‍സിന് മറുപടി നല്‍കി സുപ്രീം കോടതി വീണ്ടും ഭരണഘടനയുടെ മേധാവിത്വത്തിന് അടിവരയിട്ടതും ഓര്‍മപ്പെടുത്തലാകുന്നു. ഭരണഘടനാ നിർമാണത്തിൽ മുഖ്യ പങ്കുവഹിച്ച ഡോ. ബി.ആർ. അംബേദ്കറുടെ ആശയങ്ങള്‍ക്കും ഭരണഘടനാ ദിനത്തില്‍ പ്രാധാന്യമേറെയാണ്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ മഹത്തായ കാവൽരേഖയാണ് നമ്മുടെ ഭരണഘടന. തുല്യനീതിയും പൗരന്റെ അവകാശങ്ങളും ഉറപ്പുനൽകുന്ന ഭരണഘടന ഇന്ത്യയുടെ ജനാധിപത്യത്തിന്റെ നട്ടെല്ലാണ്. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള പ്രഗത്ഭരുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണ് നമ്മുടെ ഭരണഘടന.ഇന്ത്യയെ ഒരു പരമാധികാര, ജനാധിപത്യ റിപ്പബ്ലിക്കായി ഭരണഘടന വിഭാവനം ചെയ്തു. ഓരോ പൗരനും നീതിയും സമത്വവും ഉറപ്പുവരുത്തണമെന്ന് ഭരണഘടന അടിവരയിട്ടു. ‘സോഷ്യലിസ്റ്റ്’ എന്നും സെക്യുലർ എന്ന വാക്കും ഭരണഘടനയുടെ ആദ്യ ആമുഖത്തിന്റെ ഭാഗമായിരുന്നില്ല. 1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഈ രണ്ട് വാക്കുകളും ഭരണഘടനയുടെ ആമുഖത്തിൽ ഇടംപിടിച്ചു.
1950 ജനുവരി 24-ന് ഭരണഘടനാ അസംബ്ലിയിലെ 284 അംഗങ്ങൾ ഭരണഘടനയിൽ ഒപ്പുവച്ചു. 1950 ജനുവരി 26 ന് ഭരണഘടന നിലവിൽ വന്നു. ഇന്ത്യയിപ്പോഴും ജനാധിപത്യ മതേതര റിപ്പബ്ലിക്കായി നിലനിൽക്കുന്നതിന്റെ കാരണങ്ങളിലൊന്ന് ഈ രാജ്യത്തിന്റെ കരുത്തുറ്റ ഭരണഘടനയാണ്. ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് പൗരനെന്ന നിലയിലുള്ള നമ്മുടെ ഉത്തരവാദിത്തങ്ങൾ ഓർമ്മിക്കുന്ന ദിവസം കൂടിയാണ് ഭരണഘടനാ ദിനം.





