
കോഴിക്കോട് : കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മുസ്‌ലിംലീഗിന് വീണ്ടും തിരിച്ചടി. കഴിഞ്ഞദിവസം ലീഗിൽനിന്ന് രാജിവെച്ച മൂന്നാലിങ്കൽ വാർഡ് കൗൺസിലർ കെ. റംലത്ത് ആർജെഡിയിൽ ചേർന്നു. റംലത്തിനെ മൂന്നാലിങ്കലിൽനിന്നുള്ള സ്ഥാനാർഥിയായി ആർജെഡി പ്രഖ്യാപിച്ചു. ആർജെഡി സംസ്ഥാനപ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാർ അംഗത്വംനൽകി സ്വീകരിച്ചു. നേരത്തേ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്ന തോമസ് മാത്യു സ്ഥാനാർഥിത്വത്തിൽനിന്ന് സ്വയം പിന്മാറി.
പ്രാദേശികനേതൃത്വവുമായി ചേർന്നുപോകാനാകത്തതുകൊണ്ടാണ് ലീഗിൽനിന്ന് രാജിവെച്ചതെന്ന് ലീഗിന്റെ വനിതാവിഭാഗം നോർത്ത് മണ്ഡലം പ്രസിഡന്റുകൂടിയായിരുന്ന റംലത്ത് പറഞ്ഞു. കോർപ്പറേഷനിലെ യുഡിഎഫിൽ വലിയ പൊട്ടിത്തെറിയുണ്ട്. കഴിഞ്ഞദിവസം മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം യു. പോക്കറും ഡിസിസി ജനറൽ സെക്രട്ടറി എൻ.വി. ബാബുരാജും രാജിവെച്ചിരുന്നു.
കാരപ്പറമ്പ് വാർഡിൽ ആർജെഡി സ്ഥാനാർഥിയായി എം.കെ. ഹാഷിതയെ പ്രഖ്യാപിച്ചു. സംസ്ഥാന ട്രഷറർ എൻ.സി. മോയിൻകുട്ടി, പി. കിഷൻചന്ദ്, ജില്ലാസെക്രട്ടറിമാരായ ഉമേഷ്‌കുമാർ അരങ്ങിൽ, കെ.എൻ. അനിൽകുമാർ, വി.കെ. ശിവാനന്ദൻ, മണ്ഡലം ഭാരവാഹികളായ ബാലസുബ്രഹ്മണ്യൻ, സുബലാൽ പാറക്കൽ, എം.കെ. അഷ്റഫ്, കെ. സർജാസ്, ഷംജിദ്, പാർട്ടിയുടെ ആഴ്ചവട്ടം സ്ഥാനാർഥി എ. പ്രിയ, മാവൂർ റോഡ് സ്ഥാനാർഥി നസീമാ ഷാനവാസ്, നടക്കാവ് സ്ഥാനാർഥി വിൽഫ്രഡ് രാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.





