
പാലക്കാട് : മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തിനെ തുടർന്ന് പരാതി നൽകിയ ജീവനക്കാരെ പിരിച്ചു വിട്ടതായി പരാതി. കേന്ദ്ര സർക്കാർ സ്ഥാപനമായ പാലക്കാട് ഐഐടിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഐപിടിഐഎഫിലാണ് കൂട്ട പിരിച്ചുവിടലെന്ന പരാതി ഉയർന്നുവന്നിരിക്കുന്നത്.
കരാർ തൊഴിലാളികളാണെന്ന കാരണം പറഞ്ഞാണ് 5 പേരെ ഒരുമിച്ചു പുറത്താക്കിയിരിക്കുന്നത്. എന്നാൽ ചട്ടം പാലിച്ചാണ് കരാർ ജീവനക്കാരെ പിരിച്ചു വിട്ടതെന്നാണ് അധികൃതർ നൽകിയ വിശദീകരണം. പാലക്കാട് ടെക്നിക്കൽ ഹബ്ബാണ് ഐപിടിഐ എഫ്. ഇവിടത്തെ പബ്ലിക് റിലേഷൻ ഓഫീസർ, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ്- എച്ച്ആർ വിഭാഗത്തിലെ മറ്റു മൂന്നു ജീവനക്കാർ എന്നിവരെയാണ് പെട്ടെന്ന് ഒഴിവാക്കിയതായി അറിയിപ്പ് വന്നത്.
രാജിവച്ചു പോകാനായിരുന്നു നിർദ്ദേശം. എന്നാൽ ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടി ബോർഡ് ഡയറക്ടേഴ്സിന്റെ നിർദ്ദേശപ്രകാരമാണ് നടപടിയെന്നായിരുന്നു വിശദീകരണം. എന്നാൽ വ്യക്തിവൈരാഗ്യമാണ് നടപടിക്ക് പിന്നില്ലെന്നാണ് ജീവനക്കാർ ആരോപിച്ചു . ഐ പി ടി ഐഎഫ് ഡയറക്ടർമാരായ ഡോ. ആൽബർട്ട് സണ്ണി, ഡോ. വിജയ് എന്നിവർക്കെതിരെ തൊഴിൽ ഇടത്തിലെ മാനസിക പീഡനത്തിന് പരാതി നൽകിയവർക്കെതിരെയാണ് നടപടി എടുത്തത്.
ഡയറക്ടർമാർക്ക് എതിരെയുള്ള പരാതിയിൽ ആഭ്യന്തര സമിതി അന്വേഷണം നടത്തിയിരുന്നു. എന്നാൽ ആരോപിതരുടെ സുഹൃത്തുക്കൾ തന്നെയാണ് സമിതിയിൽ ഉണ്ടായിരുന്നതെന്നും പരാതിക്കാർ പറയുന്നു. തൊഴിൽ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് പിരിച്ചുവിടലെന്നും ജീവനക്കാർ ആരോപിക്കുന്നു. ഉന്നതതലത്തിൽ പരാതി കൊടുക്കാനാണ് ഇവരുടെ തീരുമാനം. യാതൊരു ചട്ടലംഘനവും നടന്നിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം.





