Kerala

ഇത്തവണ ക്ഷേമപെന്‍ഷനായി ലഭിക്കുക 3600 രൂപ; കൂട്ടിയ പെന്‍ഷനും മുന്‍പത്തെ കുടിശ്ശികയുടെ അവസാന ഗഡുവും ലഭിക്കും

Please complete the required fields.




സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് നവംബറില്‍ 3600 രൂപ വീതം ക്ഷേമ പെന്‍ഷന്‍ ലഭിക്കും. ഇതിനായി 1864 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. വര്‍ധിപ്പിച്ച 2000 രൂപ പെന്‍ഷന്‍ നവംബറില്‍ തന്നെ വിതരണം ആരംഭിക്കുകയാണ്. അതിനോടൊപ്പമാണ് നേരത്തെ ഉണ്ടായ കുടിശികയിലെ അവസാന ഗഡുവും ലഭിക്കും. നവംബര്‍ 20 മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കും.

വര്‍ധിപ്പിച്ച പെന്‍ഷന്‍ വിതരണത്തിന് 1042 കോടി രൂപയും, ഒരു ഗഡു കുടിശിക വിതരണത്തിന് 824 കോടി രൂപയുമാണ് അനുവദിച്ചത്. ഇതോടെ ക്ഷേമ പെന്‍ഷന്‍ കുടിശിക പൂര്‍ണമായും കൊടുത്തു തീര്‍ക്കുകുകയാണെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി. പ്രഖ്യാപിച്ച ആനുകൂല്യങ്ങളെല്ലാം സമയബന്ധിതമായി നല്‍കുമെന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ നയ സമീപനങ്ങളുടെ ഭാഗമായാണ് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കം നേരിടേണ്ടി വന്നതെന്നും ഇതിനാലാണ് ക്ഷേമ പെന്‍ഷന്‍ അഞ്ചു ഗഡു കുടിശികയായതെന്നും മന്ത്രി ബാലഗോപാല്‍ വിശദീകരിക്കുന്നു. അവയുടെ വിതരണത്തിനായുള്ള സമയക്രമം 2024 ജൂലൈയില്‍ മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. അത് അനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കുടിശികയുടെ രണ്ടു ഗഡുക്കള്‍ നല്‍കി. ഈ സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയില്‍ തന്നെ ബാക്കിയുള്ളതില്‍ രണ്ടു ഗഡുക്കളുടെയും വിതരണം പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അവസാന ഗഡു കുടിശികയും നല്‍കുന്നത്.

Related Articles

Back to top button