Kozhikode

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ചുഴിയിൽപ്പെട്ട് മരിച്ചു

Please complete the required fields.




കോഴിക്കോട് : വെള്ളയിൽ ഹാർബറിനടുത്ത് തോപ്പയിലിൽ കടലിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി ചുഴിയിൽപ്പെട്ട് മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന നാലുവിദ്യാർഥികളെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചു. തോപ്പയിൽ പറമ്പ് ഫൈജാസിന്റെയും കെ.വി. ജാസിറയുടെയും മകൻ സഹദ് സെയ്ദാ(13)ണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. കടലിൽ അരമണിക്കൂറോളം തെർമോകോൾ കഷ്ണത്തിൽ പിടിച്ചുനിന്നാണ് നാലുകുട്ടികൾ രക്ഷപ്പെട്ടത്.

സഹദിന്റെ വീടിന്റെ അടുത്തുതന്നെയാണ് കടലിൽ കുട്ടികളിറങ്ങിയത്. വലിയതിരയില്ലാത്തതിനാൽ സുരക്ഷിതമാണെന്നുകരുതിയാണ് ഇറങ്ങിയതെങ്കിലും ചുഴിയിൽപ്പെടുകയായിരുന്നു. സഹദടക്കം മൂന്നുപേരാണ് ആദ്യമിറങ്ങിയത്. കൂട്ടുകാർ തിരയിലകപ്പെട്ടത് മനസ്സിലാക്കി കരയിലുണ്ടായിരുന്ന മറ്റ്‌ രണ്ടുകുട്ടികൾ തെർമോകോളുമായി നീന്തിച്ചെന്നെങ്കിലും അപ്പോഴേക്കും സഹദ് മുങ്ങിപ്പോയിരുന്നു. രക്ഷിക്കാനിറങ്ങിയവരും തിരികെ നീന്തിക്കയറാനാവാതെ കുടുങ്ങി. തീരത്തുണ്ടായിരുന്ന മറ്റുകുട്ടികൾ ബഹളംവെച്ചതിനെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ഫയർഫോഴ്‌സിനെയും വെള്ളയിൽ ഹാർബറിൽ മത്സ്യമിറക്കി മടങ്ങുകയായിരുന്ന മത്സ്യത്തൊഴിലാളികളെയും വിവരമറിയിച്ചു. മത്സ്യത്തൊഴിലാളികൾ എത്തുമ്പോൾ നാലുകുട്ടികളും കരയിൽനിന്ന് അൻപതുമീറ്ററോളം അകലെയായിരുന്നു. അത്ര ദൂരെയായതിനൽ കരയിൽനിൽക്കുന്നവർക്ക് കുട്ടികൾ വിളിച്ചുപറയുന്നത് കേൾക്കാൻകഴിഞ്ഞിരുന്നില്ല. മാത്രമല്ല, അവർ അവശരുമായിരുന്നു. അതിനാൽ സഹദ് മുങ്ങിയത് പുറത്തുള്ള ആരും അറിഞ്ഞില്ല. തങ്ങൾക്കൊപ്പമുണ്ടായിരുന്ന ഒരാൾ കടലിൽ മുങ്ങിപ്പോയെന്ന് രക്ഷിക്കാനെത്തിയ മത്സ്യത്തൊഴിലാളികളോട് പറഞ്ഞപ്പോഴാണ് സംഭവമറിയുന്നത്. തുടർന്നുനടത്തിയ തിരച്ചിലിൽ ഇറങ്ങിയ സ്ഥലത്തിന് തൊട്ടടുത്തുനിന്നുതന്നെ സഹദിന്റെ മൃതദേഹം ചെളിയിൽപ്പൂണ്ടനിലയിൽ കണ്ടെത്തി. കോഴിക്കോട് സെയ്ന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ് സഹദ്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കുമാറ്റി. കബറടക്കം വെള്ളിയാഴ്ച നടക്കും. സഹോദരങ്ങൾ: ഫാത്തിമ ജന്ന, ഇഷാൻ അഹമ്മദ്, മുഹമ്മദ് മിയാസ്.

Related Articles

Back to top button