Kozhikode

വന്യജീവി ഹോസ്പൈസ് സെന്റർ പെരുവണ്ണാമൂഴിയിലേക്ക് മാറ്റും

Please complete the required fields.




കോഴിക്കോട് :പെരുവണ്ണാമൂഴി ചക്കിട്ടപാറ പഞ്ചായത്തിലെ പേരാമ്പ്ര എസ്റ്റേറ്റിൽ കടുവ സഫാരി പാർക്കിന് (കോഴിക്കോട് ബയോളജിക്കൽ പാർക്ക്) അനുബന്ധമായി തുടങ്ങാൻ ആലോചിച്ചിരുന്ന ആനിമൽ ഹോസ്പൈസ് സെന്റർ പെരുവണ്ണാമൂഴിയിലേക്കു മാറ്റിനിർമിക്കാൻ തീരുമാനം. എസ്റ്റേറ്റിലെ സ്ഥലം ഇതിന് സാങ്കേതികമായി യോജിച്ചതല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പെരുവണ്ണാമൂഴിയിൽ വനപ്രദേശത്തേക്കു മാറ്റുന്നത്.

പെരുവണ്ണാമൂഴി ചെമ്പനോട റോഡിൽ വനംവകുപ്പിന്റെ വനിതാ ബാരക്കിന്റെ സമീപത്തെ സ്ഥലത്ത് കേന്ദ്രം നിർമിക്കാനാണ് തീരുമാനം.ഇതിനുമുന്നോടിയായി വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥസംഘം സ്ഥലത്ത് പരിശോധന നടത്തി. വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ജെ. ജസ്റ്റിൻ മോഹൻ, ഉത്തരമേഖല ചീഫ് കൺസർവേറ്റർ അഞ്ജൻ കുമാർ, ഡിഎഫ്ഒ യു. ആഷിഖ്‌ലി, പെരുവണ്ണാമൂഴി റെയ്ഞ്ച് ഓഫീസർ എ.സി. സുധീന്ദ്രൻ, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ എസ്.എൻ. രാജേഷ് എന്നിവരടങ്ങിയ ഉദ്യോഗസ്ഥരാണ് സ്ഥലം സന്ദർശിച്ചത്. ഈ മേഖലയിൽ മുറിച്ചുനീക്കേണ്ട മരങ്ങളുടെ എണ്ണം കണക്കാക്കി റിപ്പോർട്ട് നൽകിയിട്ടുണ്ട്.
സ്ഥലമൊരുക്കിക്കഴിഞ്ഞാൽ നിർമാണനടപടികളിലക്ക് കടക്കും. അടുത്തവർഷം മാർച്ചിനകം പ്രവൃത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യം.

അവശനിലയിലായതും രോഗങ്ങളുള്ളതും മുറിവേറ്റതുമായ വന്യമൃഗങ്ങളുടെ ചികിത്സ, സംരക്ഷണം എന്നിവയ്ക്കായാണ് സെന്റർ സ്ഥാപിക്കുന്നത്. കടുവ, പുലി ഉൾപ്പെടെയുള്ള മൃഗങ്ങൾക്ക് ഇത് ഉപയോഗപ്പെടും. പത്തുകോടിരൂപയുടെ കിഫ്ബി ഫണ്ടിനുള്ള ഭരണാനുമതി നേരത്തേ ലഭിച്ചതാണ്. വയനാട് കുപ്പാടിയിലെ കേന്ദ്രത്തിനു സമാനമായിരിക്കും ഈ സെന്റർ.

Related Articles

Back to top button