
കുറ്റ്യാടി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാൻപോകുന്ന തിരഞ്ഞെടുപ്പിനായി വോട്ടർപട്ടികയിൽ പേരുചേർക്കാൻ നാട്ടിൻപുറങ്ങളിൽ മത്സരച്ചൂട്. പേരുചേർക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, പുതുക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടിയത് രാഷ്ട്രീയപ്പാർട്ടികൾക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ്.
ഒരു വോട്ടുപോലും ചേർക്കാൻ വിട്ടുപോകരുതെന്ന മത്സരബുദ്ധിയോടെയാണ് രാഷ്ട്രീയപ്പാർട്ടികളും അവരുടെ യുവജനസംഘടനകളും രംഗത്തിറങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അപേക്ഷകളുടെ വൻ വർധനയാണ് പഞ്ചായത്തുകളിൽ ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിൽ സിറ്റിസൺ രജിസ്ട്രേഷൻ നടത്തി പ്രൊഫൈൽ ഉണ്ടാക്കിയതിനുശേഷമാണ് ഓൺലൈനിൽ വോട്ടുചേർക്കാനായി അപേക്ഷിക്കുന്നത്.ഫോട്ടോയും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. പ്രൊഫൈൽ ഉണ്ടാക്കിയ ഒരാൾക്ക് പത്തുപേരെ ചേർക്കാനായി അപേക്ഷസമർപ്പിക്കാം. യുവജനസംഘടനകൾ ഈ സൗകര്യം മുതലാക്കി പരമാവധി വോട്ടർമാരെയാണ് ചേർത്തുകൊണ്ടിരിക്കുന്നത്.
ഹിയറിങ് നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക് തിരിച്ചറിയൽരേഖയുമായി പഞ്ചായത്ത് സെക്രട്ടറിക്കു മുൻപാകെ വോട്ടർമാരെ ഹാജരാക്കാനും രാഷ്ട്രീയപ്രവർത്തകർ ജാഗരൂകരാണ്. ഓൺലൈൻ വോട്ടുചേർക്കൽ സുഗമമായാണ് മുന്നോട്ടുപോകുന്നതെന്നും ഇത് കഴിഞ്ഞവർഷത്തെക്കാൾ എളുപ്പമായാണ് അനുഭവപ്പെടുന്നതെന്നും പൊതുപ്രവർത്തകനായ സിദ്ധാർഥ് നരിക്കൂട്ടുംചാൽ പറഞ്ഞു. വോട്ടുചേർക്കൽ പ്രക്രിയ ആരംഭിച്ചതുമുതൽ വ്യാഴാഴ്ചമാത്രമാണ് സൈറ്റ് കുറച്ചുസമയംമാത്രം ജാമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വ്യാജവോട്ടർമാരെ ചേർക്കാനുള്ള ശ്രമവും രാഷ്ട്രീയപ്പാർട്ടികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട് എന്നാണ് സംസാരം.
അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ജാഗ്രതയിലാണ്. പല പഞ്ചായത്തുകളും വാർഡ് വിവേചനത്തിനെതിരേ കോടതിയെ സമീപിച്ചിരിക്കുകയാണ്. പരിഷ്കരിച്ച വോട്ടർപട്ടിക പുറത്തിറങ്ങുമ്പോൾ വ്യാജന്മാർ കുടുങ്ങിയിട്ടുണ്ടെങ്കിൽ അതിലും കോടതികയറേണ്ടിവരുമോയെന്നാണ് ഉദ്യോഗസ്ഥരുടെ ആശങ്ക. വോട്ടർപട്ടികയിൽ ക്രമക്കേടുകൾ വരുന്നതിനെക്കുറിച്ച് ഏറെ ജാഗ്രതയിലാണ് രാഷ്ട്രീയപ്പാർട്ടി പ്രവർത്തകർ.





