
കോഴിക്കോട് : ശനിയാഴ്ച ജില്ലയിൽ ശക്തമായി പെയ്ത മഴയിൽ മലയോരത്ത് വ്യാപകനാശനഷ്ടം. കനത്തമഴയ്ക്കൊപ്പം മിന്നൽച്ചുഴലിയുമുണ്ടായി. ശനിയാഴ്ച പുലർച്ചെയാണ് കാറ്റ് വീശിയടിച്ചത്. നാദാപുരം, വിലങ്ങാട്, കല്ലാച്ചി മേഖലകളിൽ വലിയ നാശനഷ്ടങ്ങളുണ്ടായി.
വടകര താലൂക്കിലെ 22 വീടുകൾ ഭാഗികമായി തകർന്നു. തൂണേരി വില്ലേജിലെ കോടഞ്ചേരി മാരാംവീട്ടിൽ ജാനുവിന്റെ വീടിനോടുചേർന്ന കിണർ ഇടിഞ്ഞു. ശക്തമായ കാറ്റിൽ വിലങ്ങാട് മരങ്ങൾ കടപുഴകിവീണു. വിലങ്ങാട് പാനോം റോഡിൽ ഗതാഗത തടസ്സവുമുണ്ടായി. അഗ്നിരക്ഷാസേന മരങ്ങൾ മുറിച്ചുമാറ്റി. മരങ്ങൾ വീണ് 30-ഓളം വൈദ്യുതത്തൂണുകളും തകർന്നു. ഇത് സംസ്ഥാനപാതയിലെ ഗതാഗതത്തെയും ബാധിച്ചു. അഗ്നിരക്ഷാസേനാംഗങ്ങളെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. തെരുവംപറമ്പിലും കാറ്റ് നാശംവിതച്ചു. താലൂക്കിലാകെ പത്തോളം വീടുകൾക്ക് കേടുപാടുസംഭവിച്ചിട്ടുണ്ട്. ഒരു കാറിനും കേടുപാടുണ്ട്.
ചേന്ദമംഗലൂർ മിനി പഞ്ചാബിൽ കാഞ്ഞിരമരം കടപുഴകിവീണ് ഗതാഗതം തടസ്സപ്പെട്ടു. മിനി പഞ്ചാബ് ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപത്തെ മരമാണ് ശനിയാഴ്ച പുലർച്ചെ കടപുഴകിവീണത്. വൈദ്യുതലൈൻ പൊട്ടിപ്പോയതിനാൽ വൈദ്യുതിവിതരണവും തടസ്സപ്പെട്ടു. കുറ്റ്യാടി, തൊട്ടിൽപ്പാലം, കുറ്റ്യാടിച്ചുരം, വടയം, മുള്ളൻകുന്ന്, കുണ്ട്തോട് റോഡ്, എന്നിവിടങ്ങളിൽ വൈദ്യുതലൈനിൽ മരംവീഴുകയും ഒട്ടേറെ പോസ്റ്റും ട്രാൻസ്ഫോർമറും തകരുകയും ചെയ്തു. കോഴിക്കോട് താലൂക്കിൽ രണ്ടുവീടുകൾ പൂർണമായും ഏഴുവീടുകൾ ഭാഗികമായും തകർന്നു. പുതിയങ്ങാടി വില്ലേജിലെ വീടുകൾക്കും നാശംസംഭവിച്ചു. പുതിയങ്ങാടി വില്ലേജിൽ കടൽക്ഷോഭവും രൂക്ഷമാണ്. പെരുമണ്ണ വില്ലേജിലെ പുളിക്കൽതാഴം വിരുപ്പിൽ കുനിപ്പുറത്ത് ഉമൈബ ഷബീറിന്റെ വീട്ടിലേക്ക് സമീപത്തെ പറമ്പിൽനിന്ന് മണ്ണിടിഞ്ഞുവീണു.ശനിയാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റിൽ ബേപ്പൂരിൽ തോണിമറിഞ്ഞു. ഇതിലുണ്ടായിരുന്ന മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് പ്രാഥമികചികിത്സയ്ക്കായി കോഴിക്കോട് ബീച്ചാശുപത്രിയിലേക്ക് മാറ്റി.മലയോരത്ത് വ്യാപകനാശനഷ്ടം ഒട്ടേറെ വീടുകൾ തകർന്നുകട്ടിപ്പാറ മണ്ണാത്തിയേറ്റുമലയിൽകുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി





