
കോഴിക്കോട് : സദസ്സിലുള്ളവരെല്ലാം ഒപ്പനയുടെ ചുവടുകളും പാട്ടിന്റെ താളവും ആസ്വദിച്ചപ്പോൾ ആ ഏഴുപേർ കേൾക്കാത്ത പാട്ടിന് ചുവടുവെച്ച് ആസ്വാദകരുടെ ഹൃദയത്തിലേക്ക് കയറി. ഫലം വന്നപ്പോൾ തിളക്കമാർന്ന മൂന്നാം സ്ഥാനവും. പത്തനംതിട്ട അടൂരിൽനടന്ന സംസ്ഥാന ഇന്റർപോളിടെക്നിക് കലോത്സവത്തിൽ ഒപ്പനയിൽ മത്സരിച്ചാണ് വെസ്റ്റ്ഹിൽ ഗവ. പോളി ടെക്നിക് കോളേജിലെ ശ്രവണപരിമിതരായ വിദ്യാർഥികൾ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടിയത്. കോളേജിലെ കംപ്യൂട്ടർ എൻജിനിയറിങ് കോഴ്സിലെ ഹിയറിങ് ഇംപയേഡ് ബാച്ചിലെ രണ്ട്, മൂന്ന് വർഷ വിദ്യാർഥികളാണ് സംഘത്തിലുണ്ടായിരുന്നത്. ശ്രവണപരിമിതരായവർക്ക് പ്രത്യേക മത്സരമില്ലാത്തതിനാൽ ഇവർ സംസ്ഥാനത്തെ മറ്റു 20 ടീമുകൾക്കൊപ്പമാണ് മത്സരിച്ചത്.
കോളേജ് പ്രിൻസിപ്പൽ സി. സ്വർണ, കംപ്യൂട്ടർ എൻജിനിയറിങ് വിഭാഗം മേധാവി ബി.എസ്. ജൗഹറലി, ഹിയറിങ് ഇംപയേഡ് ഇൻചാർജ് വി. സന്ധ്യ എന്നിവർ വിദ്യാർഥികൾക്ക് പൂർണ പിന്തുണ നൽകി കൂടെ നിന്നു. ഒപ്പന പരിശീലകനായ സാദിഖ് മാത്തോട്ടത്തിലാണ് പരിശീലനം നല്കിയത്. സാന്ദ്രാ മോഹൻ, പി.എ. ഷിഫാന, ബി. ഫാത്തിമ നൂർബിയ, പി.പി. ഫർസീന, ടി. മേഘ, ശ്രീലക്ഷ്മി, സി. അനശ്വര എന്നിവരാണ് അരങ്ങിലെത്തിയ ശ്രവണപരിമിതരായ വിദ്യാർഥിനികൾ. വി.കെ. ഫാത്തിമ ഷിഫാന, പി. മിന, പി.പി. ഹിഷാ ഫാത്തിമ എന്നിവരാണ് പിന്നണിയിൽ പാട്ടുപാടിയത്.





