World

ശ്രീലങ്കൻ തീരത്ത് ഇറാനിയൻ കപ്പലിന് നേരെ ആക്രമണം; 101 പേരെ കാണാതായി

Please complete the required fields.




ടെൽ അവീവ്: ശ്രീലങ്കൻ തീരത്തെ ഇറാൻ കപ്പലിന് നേരെ ആക്രമണം. 101 പേരെ കാണാതായും 78 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇറാനിയൻ കപ്പലിൽ നിന്ന് സഹായം അഭ്യർഥിച്ചുള്ള സന്ദേശം ലഭിച്ചതിനെ തുടർന്നു ശ്രീലങ്കൻ സൈന്യം രക്ഷാപ്രവർത്തനം ആരംഭിച്ചു. കപ്പലിൽ നിന്ന് 30 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പറഞ്ഞു.

യുഎഇയെ ലക്ഷ്യമിട്ട ഇറാൻ ഡ്രോണുകളെ റഫാൽ വിമാനങ്ങൾ വെടിവച്ചിട്ടതായി ഫ്രാൻസ്. സഖ്യരാജ്യങ്ങളെ സംരക്ഷിക്കാൻ പ്രതിജ്ഞാബന്ധമാണെന്നു ഫ്രാൻസ് വിദേശകാര്യമന്ത്രി പറഞ്ഞു. എത്ര ഡ്രോണുകളാണ് വെടിവച്ചിട്ടതെന്നു വ്യക്തമല്ല. സുരക്ഷാപ്രശ്നമുള്ളതിനാൽ ലാഹോർ, കറാച്ചി കോണ്‍സുലേറ്റുകളിലെ അത്യാവശ്യ വിഭാഗത്തിലില്ലാത്ത ജീവനക്കാരോടും കുടുംബങ്ങളോടും രാജ്യം വിടാൻ യുഎസ് നിർദേശിച്ചു.

ഇസ്‌ലാമാബാദിലെ യുഎസ് എംബസിയുടെ പ്രവർത്തനത്തിൽ മാറ്റമില്ല. സുരക്ഷാ ആശങ്കകൾ മുൻനിർത്തി സൗദി അറേബ്യ, ഒമാൻ, സൈപ്രസ് എന്നിവിടങ്ങളിലെ കോൺസുലേറ്റ് ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും രാജ്യം വിടാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകിയിട്ടുണ്ട്.

അതേസമയം കൊല്ലപ്പെട്ട അയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി ഇറാൻ ഭരണകൂടം ആരെ നിയമിച്ചാലും അവരെയും വധിക്കുമെന്ന കടുത്ത പ്രഖ്യാപനവുമായി ഇസ്രായേൽ. ശനിയാഴ്ച നടന്ന യുഎസ് – ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാൻ ഇറാനിലെ ഉന്നത നേതൃത്വം ചർച്ചകൾ തുടരുന്നതിനിടെയാണ് ഈ ഭീഷണി. ഇറാന്‍റെ പുതിയ നേതൃത്വത്തെയും ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ബുധനാഴ്ച കടുത്ത ഭീഷണി മുഴക്കി.

ഓപ്പറേഷൻ ‘റോറിംഗ് ലയൺ’ എന്ന സൈനിക നീക്കത്തിന്‍റെ ഭാഗമായി പുതിയ ഇറാൻ ഭരണാധികാരിയെയും ലക്ഷ്യം വയ്ക്കാൻ പ്രതിരോധ സേനയ്ക്ക് പ്രധാനമന്ത്രിയും താനും കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കാറ്റ്സ് അറിയിച്ചു.അധികാരമേൽക്കുന്ന വ്യക്തിയുടെ പേരോ ഒളിത്താവളമോ തങ്ങൾക്ക് പ്രശ്നമല്ലെന്നും ഇസ്രായേൽ ലക്ഷ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയുമായി സഹകരിച്ച് ഇറാന്‍റെ സൈനിക ശേഷി തകർക്കുമെന്നും നിലവിലെ ഭരണകൂടത്തെ അട്ടിമറിച്ച് ജനാധിപത്യം പുനഃസ്ഥാപിക്കാൻ ഇറാനിലെ ജനങ്ങളെ സഹായിക്കുമെന്നുമാണ് ഇസ്രായേലിന്‍റെ വാദം.

Related Articles

Back to top button