വേദനയെ തുടർന്ന് ലേബർറൂമിലേക്ക് കയറ്റി, പിന്നാലെ ഡോക്ടർ വീട്ടിലേക്ക് പോയി; വടകരയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം

കോഴിക്കോട്: പ്രസവത്തെ തുടർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ വടകര ഗവണ്മെന്റ് ജില്ലാ ആശുപത്രിക്കെതിരെ പരാതിയുമായി യുവതിയുടെ കുടുംബം.പൊന്മേരി പറമ്പിൽ കൂടത്തിൽ ചൈതന്യയുടെ കുഞ്ഞാണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് യുവതി പ്രസവത്തിനായി ആശുപത്രിയിൽ എത്തിയത്. തിങ്കൾ രാത്രി ഏഴോടെ യുവതിയെ വേദനയെ തുടർന്ന് ലേബർറൂമിലേക്ക് മാറ്റി.രാത്രി എട്ടരയോടെ ഡോക്ടർ വീട്ടിലേക്ക് പോയി. രാത്രി പത്തോടെ അനസ്തേഷ്യ ഡോക്ടർ ഇല്ലെന്നും അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും അതിനായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും ഒപ്പമുള്ളവരോട് ഡ്യൂട്ടി ഡോക്ടർ പറഞ്ഞു.ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചൈതന്യയുടെ ഭർത്താവ് ശ്രീജേഷ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി.
ആശുപത്രിയിലെ ഡോക്ടറുടെയും ജീവനക്കാരുടെയും അനാസ്ഥകൊണ്ടാണ് കുട്ടി മരണപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു.





