Kozhikode

തണ്ണീർത്തടം നികത്തിയ മണ്ണുമാന്തിയന്ത്രം നാട്ടുകാർ പിടിച്ചെടുത്തു

Please complete the required fields.




കോഴിക്കോട് : സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററിന്റെ പുറകിൽ തണ്ണീർത്തടം നികത്തിയ മണ്ണുമാന്തിയന്ത്രം സരോവരം പ്രകൃതിസംരക്ഷണസമിതി പ്രവർത്തകർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ബുധനാഴ്ച പുലർച്ചെ നാലരമുതലാണ് തണ്ണീർത്തടം മണ്ണിട്ടുനികത്തൽ ആരംഭിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. ട്രേഡ് സെന്ററിന് സമീപത്ത് മണ്ണുമാന്തിയന്ത്രം തടഞ്ഞിട്ട് നടക്കാവ് പോലീസിന് കൈമാറുകയായിരുന്നു. തണ്ണീർത്തടം നികത്തിയിട്ടും നടക്കാവ് പോലീസ് പരാതിസ്വീകരിക്കാൻ തയ്യാറായില്ലെന്ന് സമരസമിതി പറഞ്ഞു. തുടർന്ന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മിഷണർക്ക് സമിതി പ്രസിഡന്റ് അജയ്‌ലാൽ പരാതി നൽകി.

രസീതി തരില്ലെന്നുമാത്രമല്ല പ്രകൃതിസംരക്ഷണസമിതി പ്രവർത്തകരുടെപേരിൽ കേസെടുക്കേണ്ടിവരുമെന്നും പോലീസ് പറഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. ഡേറ്റാബാങ്കിൽപ്പെട്ട സ്ഥലമാണ് നികത്തുന്നത്. തണ്ണീർത്തടം സംരക്ഷിക്കാൻവേണ്ടി പ്രവർത്തിക്കുന്ന സംഘടനാപ്രവർത്തകരെ നിശ്ശബ്ദരാക്കാൻ ചില ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതായും കമ്മിഷണർക്കുനൽകിയ പരാതിയിൽ പറയുന്നു. കണ്ടലുകൾ നശിപ്പിക്കുന്നതിനും തണ്ണീർത്തടം നികത്തുന്നതിനുമെതിരേ നാട്ടുകാർ മാസങ്ങളായി സമരത്തിലാണ്. പ്രതിഷേധങ്ങൾക്കിടയിലും കണ്ടലുകൾ തീയിട്ടും വെട്ടിയും നശിപ്പിക്കുകയും നികത്തുകയും ചെയ്യുന്നത് ആവർത്തിക്കുകയാണെന്നും സമിതി പ്രവർത്തകർ പറയുന്നു.

Related Articles

Back to top button