India

മൂന്നാമതൊരു കുട്ടിയെ ആഗ്രഹിച്ചിരുന്നില്ല’; തൊട്ടിലിൽ ഉറങ്ങിക്കിടന്ന നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് പിതാവ്

Please complete the required fields.




മുംബൈ: ​ തൊട്ടിലിൽ ഉറങ്ങിക്കിടന്ന നാലുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. ഘട്കൊപാൽ ഈസ്റ്റിലെ കാമരാജ് നഗറിൽ താമസിക്കുന്ന 40കാരനാണ് കഴിഞ്ഞ വെള്ളിയാഴ്ച കുഞ്ഞിനെ ഇല്ലാതാക്കിയത്.
മൂന്നാമതൊരു കുട്ടിയെ ആഗ്രഹിച്ചിരുന്നില്ലെന്നാണ് സഞ്ജയ് കൊകാറെ പൊലീസിനോട് പറഞ്ഞത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വീട്ടുവേലക്കാരിയായി ജോലി ചെയ്യുകയാണ് കുട്ടിയുടെ അമ്മയായ ശൈലജ.

നാലുമാസം മുമ്പാണ് ദമ്പതികൾക്ക് മൂന്നാമത്തെ കുഞ്ഞ് പിറന്നത്. വളരെ ദരിദ്രമായ സാഹചര്യമാണ് ഇവരുടെത്. നിലവിൽ രണ്ടു കുട്ടികളുള്ളതിനാൽ മൂന്നാമതൊരു കുട്ടി കൂടി വന്നപ്പോൾ സഞ്ജയ് ഒട്ടും സന്തോഷവാനായിരുന്നില്ലെന്ന് ശൈലജ പറയുന്നു.
മകൾ ജനിച്ച ശേഷം ഇതുമായി ബന്ധപ്പെട്ട് സഞ്ജയ് എപ്പോഴും ഭാര്യയുമായി വഴക്കിടുമായിരുന്നു. ശൈലജ ജോലിക്കു പോയപ്പോഴാണ് സഞ്ജയ് തൊട്ടിലിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ കൊലപ്പെടുത്തിയത്.

ഭാര്യ ജോലി കഴിഞ്ഞ് മടങ്ങിവന്നപ്പോൾ, കുഞ്ഞിന്റെ ആരോഗ്യം പെട്ടെന്ന് മോശമായെന്നും വിളിച്ചിട്ട് പ്രതികരിക്കുന്നില്ലെന്നുമാണ് സഞ്ജയ് പറഞ്ഞത്. ഉടൻ തന്നെ രണ്ടുപേരും കുഞ്ഞിനെയുമായി സമീപത്തെ ആശുപത്രിയിലെത്തി. എന്നാൽ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.കുഞ്ഞിന്റെ അമ്മയാണ് മകൾ ജനിച്ചശേഷം ഭർത്താവിന്റെ സ്വഭാവത്തെ കുറിച്ച് പൊലീസിനോട് പറഞ്ഞത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയും ചെയ്തു. എല്ലാവരെയും തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടാമെന്നായിരുന്നു സഞ്ജയ് ആദ്യം കരുതിയതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഭാരതീയ ന്യായ സംഹിതയിലെ 103(1)പ്രകാരം കൊലപാതകത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തത്.

Related Articles

Back to top button