
കോഴിക്കോട് : സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിനുള്ളിലെ അനധികൃത കെട്ടിടം ബുധനാഴ്ച ഉച്ചയോടെ പൂർണമായും പൊളിച്ചുമാറ്റി. ചൊവ്വാഴ്ച രാത്രി 11-ഓടെയാണ് കോർപ്പറേഷൻ എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ രണ്ടുനിലക്കെട്ടിടം പൊളിച്ചുമാറ്റാൻ തുടങ്ങിയത്. എന്നാൽ, കോൺക്രീറ്റ് ഉപയോഗിച്ച് കെട്ടിയതിനാൽ സാവധാനം പൊളിച്ചുമാറ്റേണ്ടിവന്നതിനാലാണ് ബുധനാഴ്ചവരെ പൊളിക്കൽ തുടർന്നതെന്ന് അധികൃതർ പറഞ്ഞു. കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എക്സിക്യുട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ കെട്ടിടം പൊളിച്ചത്.
35 വീടുകളുടെ മഴവെള്ളം പോകുന്ന കോർപ്പറേഷന്റെ ഓവുചാലടക്കം തടസ്സപ്പെടുത്തിയാണ് കെട്ടിടം നിർമിക്കുന്നതെന്നാരോപിച്ച് പ്രദേശവാസിയായ അസൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സെക്രട്ടറി പൊളിക്കാനായി ഉത്തരവിട്ടത്. സെക്രട്ടറിയും ബന്ധപ്പെട്ടവരും സ്ഥലം സന്ദർശിച്ചിരുന്നു.
പന്നിയങ്കര സ്വദേശിയായ അർഷാദിന്‍റെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പിനോടുചേർന്നാണ് എട്ടുമാസംമുൻപ് കോൺക്രീറ്റ് കെട്ടിടം നിർമിച്ചത്. പരാതിയെത്തുടർന്ന് കെട്ടിടം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ രണ്ടുപ്രാവശ്യം നോട്ടീസ് നൽകിയിരുന്നു. അഗ്നിരക്ഷാസേന, കോർപ്പറേഷൻ അധികൃതർ, പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് പൊളിച്ചത്.
ഇപ്പോൾ പൊളിച്ച കെട്ടിടങ്ങൾക്ക് പുറമേ ഈ ഭാഗങ്ങളിൽ അനധികൃതമായി കെട്ടിടങ്ങളുണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് കോർപ്പറേഷൻ അധികൃതർ പറഞ്ഞു. എന്നാൽ, കേസുകൾ നിലനിൽക്കുന്നതിനാൽ ഒന്നും ചെയ്യാൻ സാധിക്കാത്ത സ്ഥിതിയിലാണ്. നടപടിയെടുക്കാനുള്ള ഫയലുകളുടെ ക്രമമനുസരിച്ച് ഉടൻ നടപടിയെടുക്കുമെന്നും അധികൃതർ പറഞ്ഞു.