
കോഴിക്കോട് : നല്ലളം ഡീസൽ പവർപ്ലാന്റ് വളപ്പിൽ സ്ഥാപിച്ച സൗരോർജ പ്ലാന്റിൽനിന്ന് എട്ടുമണിക്കൂറിൽ 1600 യൂണിറ്റ് വരെ വൈദ്യുതി ഉത്പാദിപ്പിക്കും. 200 കിലോ വാട്സ് ശേഷിയുള്ളതാണ് പ്ലാന്റ്. ശനിയാഴ്ച പ്ളാന്റ് പ്രവർത്തനം ആരംഭിച്ചു. പി.എം.കുസും പദ്ധതിക്കു കീഴിൽ ഫീഡർതലത്തിലുള്ള സൗരോർജവത്കരണത്തിന്റെ ഭാഗമായാണ് കെ.എസ്.ഇ.ബി. നല്ലളത്ത് പദ്ധതി ആവിഷ്കരിച്ചത്. ഉദ്ഘാടനം നല്ലളം 220 കെ.വി. സബ്സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഓൺലൈനായി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായി. സംസ്ഥാനത്ത് അഞ്ചു സ്ഥലങ്ങളിലാണ് ഇത്തരത്തിലുള്ള സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുള്ളത്.
60 സെന്റ് സ്ഥലത്ത് 600 പാനൽ ഉപയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. ഏപ്രിൽ 15-നാണ് പ്ലാന്റ് നിർമാണം ആരംഭിച്ചത്. രണ്ടുമാസംകൊണ്ടാണ് പദ്ധതി പൂർത്തീകരിച്ചത്. ഇതിനുപുറമേ ജില്ലയിൽ കക്കയം (100 കിലോ വാട്സ്), തലക്കുളത്തൂർ (650 കിലോ വാട്സ്) എന്നിവിടങ്ങളിലും സൗരോർജ പ്ലാന്റ് ഉടൻ പ്രവർത്തനമാരംഭിക്കും. ഇവിടങ്ങളിൽ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്.
വൈദ്യുതി ഉപയോഗം ദിനംപ്രതി കൂടിവരുകയാണ്. ജലസ്രോതസ്സുകളിൽനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി തികയാതെ വരും. അപ്പോൾ പാരമ്പര്യേതര ഊർജം ഉപയോഗിച്ച് വൈദ്യുതി ലഭ്യമാക്കാനാണ് ഇത്തരത്തിലുള്ളൊരു പദ്ധതി നടപ്പാക്കുന്നതെന്ന് കെ.എസ്.ഇ.ബി. കോഴിക്കോട് ജനറേഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ടി.ആർ. ഷിബു പറഞ്ഞു. മേയർ ബീനാ ഫിലിപ്പ് മുഖ്യാതിഥിയായി. കൗൺസിലർ ടി.കെ. ഷമീന, രാജീവൻ തിരുവച്ചിറ, ഷിൻജിത്ത്, ബീരാൻകോയ, കെ.പി. ഹുസൈൻ, മോഹൻദാസ് തിരുവച്ചിറ, ബഷീർ പാണ്ടികശാല, കെ.ആർ.എസ്. മുഹമ്മദ് കുട്ടി, എം.എം. മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.





