
താമരശ്ശേരി : നാളികേര, റബ്ബർ കർഷകരുടെ പ്രശ്നങ്ങളുയർത്തി കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ താമരശ്ശേരിയിൽ ജില്ലാതല സമരസായാഹ്നം സംഘടിപ്പിച്ചു.
300 രൂപ തറവില നിശ്ചയിച്ച് കേന്ദ്രസർക്കാർ റബ്ബർ സംഭരിക്കുക, നാളികേര സംഭരണം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹനയങ്ങൾക്കെതിരേ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. താമരശ്ശേരി പഴയ ബസ്‌സ്റ്റാൻഡ് പരിസരത്തുനടന്ന സമര സായാഹ്നം സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസിന് ബി.ജെ.പി.ക്ക് ബദലാവാൻ സാധിക്കില്ല. അതിനുമാത്രം ശക്തി കോൺഗ്രസ് പ്രസ്ഥാനത്തിനില്ല. ബി.ജെ.പി.യുടെ ദുർഭരണമാണ് കർണാടകയിൽ കോൺഗ്രസ് വിജയിക്കാൻ കാരണമായത് – പി.മോഹനൻ പറഞ്ഞു. ‘2018’ സിനിമയിൽ കേരളത്തിന്റെ മുഖ്യമന്ത്രിയെ മോശക്കാരനാക്കി ചിത്രീകരിക്കാനുള്ള രഹസ്യ നീക്കം നടന്നൂവെന്നും അദ്ദേഹം ആരോപിച്ചു.
കർഷകസംഘം ജില്ലാ പ്രസിഡന്റ് എം. മെഹബൂബ് അധ്യക്ഷനായി. അഖിലേന്ത്യാ കിസാൻസഭ പ്രവർത്തക സമിതിയംഗം പി. വിശ്വൻ, ജില്ലാ സെക്രട്ടറി ജോർജ് എം. തോമസ്, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ കെ. ഷിജു, കെ.പി. ചന്ദ്രി, ഇ.കെ. നാരായണൻ, ജില്ലാകമ്മിറ്റിയംഗങ്ങളായ പി. ഭാസ്കരൻ, ഇ. പ്രേംകുമാർ, കെ. ബാബു, വി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.





