കോഴിക്കോട് എരഞ്ഞിപ്പാലം ഫസീല കൊലപാതകം; പ്രതി സംസ്ഥാനം വിട്ടെന്ന് സൂചന,അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം ഫസീല കൊലപാതകത്തിലെ പ്രതി സംസ്ഥാനം വിട്ടെന്ന സൂചനയ്ക്ക് പിന്നാലെ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.കൊല്ലപ്പെട്ട ഫസീലക്കൊപ്പം ലോഡ്ദ് മുറിയില്‍ ഉണ്ടായിരുന്ന അബ്ദുള്‍ സനൂഫിനായിയുള്ള തിരച്ചിലാണ് പൊലീസ് ഊർജ്ജിതമാക്കിയത്. തിരുവില്വാമല സ്വദേശി സനൂഫ് രക്ഷപ്പെടാൻ ഉപയോഗിച്ചത് സുഹൃത്തിൻ്റെ വാഹനമാണെന്നാണ് പൊലീസ് കണ്ടെത്തൽ.
അബ്ദുള്‍ സനൂഫിനെതിരെ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മരണം കൊലപാതകമാണെന്ന സൂചന വന്നതോടെയാണ് കൊലക്കുറ്റം ചുമത്തിയത്.നേരത്തേ അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്. അബ്ദുള്‍ സനൂഫിനെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിലാണ് ഫസീലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മലപ്പുറം വെട്ടത്തൂര്‍ സ്വദേശിയായ ഫസീലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സ്വാഭാവിക മരണമല്ലെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും സൂചനയുള്ളത്. മരണത്തില്‍ അന്വേഷണം വേണമെന്ന് ഫസീലയുടെ പിതാവ് മുഹമ്മദ് മാനു ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച രാവിലെയാണ് ഫസീലയെ എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ തിരുവില്വാമല സ്വദേശി അബ്ദുള്‍ സനൂഫ് എന്ന യുവാവിനൊപ്പമാണ് ഫസീല മുറിയെടുത്തത്.മുഹമ്മദ് സനൂഫ് തിങ്കളാഴ്ച രാത്രി ലോഡ്ജില്‍ നിന്നും പോയതാണ്. പിന്നീട് ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ ലോഡ്ജില്‍ നല്‍കിയ വിലാസവും ഫോണ്‍ നമ്പരും വ്യാജമാണെന്ന് പൊലീസ് പറഞ്ഞു.
അബ്ദുള്‍ സനൂഫ് ഉപയോഗിച്ചെന്ന് കരുതുന്ന കാര്‍ പാലക്കാട് ചക്കന്തറയില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഫസീലയുടെ ഖബറടക്കം തേലക്കാട് കാപ്പ് ജുമ മസ്ജിദ് ഖബറിസ്ഥാനില്‍ നടത്തി.