India

മുപ്പതാം സെഞ്ചുറിയില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് കോലി; ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരം, പിന്നിലായത് സച്ചിന്‍

Please complete the required fields.




ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പര അരങ്ങേറുകയാണ്. പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടിയ വിരാട് കോലി നിരവധി റെക്കോര്‍ഡുകള്‍ക്ക് ഉടമയായിരിക്കുകയാണ്. പെര്‍ത്ത് ടെസ്റ്റിനിടെ തന്റെ 30-ാം സെഞ്ചുറിയാണ് കോലി സ്വന്തമാക്കിയത്. ഓസ്‌ട്രേലിയക്കെതിരായ ഞായറാഴ്ച്ചത്തെ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയിലെത്തിയ വിരാട് കോലി ഓസ്ട്രേലിയന്‍ ഇതിഹാസതാരം ഡൊണാള്‍ഡ് ബ്രാഡ്മാനെയാണ് മറികടന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറാണ് പട്ടികയില്‍ ഒന്നാമന്‍. സച്ചിന്റെ പേരില്‍ 49 ടെസ്റ്റ് സെഞ്ചുറിനേട്ടങ്ങളാണുള്ളത്. 2013-ലാണ് സച്ചിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ മുപ്പത് സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും കോലി സ്വന്തമാക്കി. പട്ടികയില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെയാണ് ഒന്നാമത്. 36 സെഞ്ചുറിയോടെ രാഹുല്‍ ദ്രാവിഡും 34 സെഞ്ചുറിയോടെ സുനില്‍ ഗാവസ്‌കറും കോലിക്ക് മുമ്പിലായി ഉണ്ട്.

അതിനിടെ പെര്‍ത്തിലെ സെഞ്ചുറി നേട്ടത്തില്‍ ഒരു റെക്കോര്‍ഡില്‍ സച്ചിനെ മറികടക്കാന്‍ വിരാട് കോലിക്കായി. ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് വിരാട് കോലി സച്ചിനെ മറികടന്ന് സ്വന്തം പേരിലാക്കിയത്. ഞായറാഴ്ചത്തെ നൂറോടെ ഓസ്ട്രേലിയന്‍ മണ്ണില്‍ വിരാട് കോലി സ്വന്തമാക്കിയ സെഞ്ചുറികളുടെ എണ്ണം ഏഴായി. ആറ് സെഞ്ചുറികളായിരുന്നു ഇതുവരെ മുന്നിലുണ്ടായിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരിലുണ്ടായിരുന്നത്. നിലവില്‍ സച്ചിന്‍ രണ്ടാമതും അഞ്ച് സെഞ്ചുറികളുമായി സുനില്‍ ഗാവസ്‌കര്‍ ഈ പട്ടികയില്‍ മൂന്നാമതുമാണ്. ഞായറാഴ്ച 143 പന്തില്‍ നിന്നാണ് ഓസ്‌ട്രേലിയക്കെതിരെയുള്ള പെര്‍ത്ത് ടെസ്റ്റില്‍ വിരാട് കോലി നൂറ് തികച്ചത്. ഒന്നര വര്‍ഷത്തിനടുത്ത് ഇടവേളയെടുത്താണ് ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് നൂറടിക്കുന്നത്.

Related Articles

Back to top button