Pathanamthitta

സ്വന്തം പിതാവിനോട് എങ്ങനെയാണ് പെരുമാറിയതെന്ന് ജനങ്ങള്‍ക്ക് അറിയാം, കെ ബി ഗണേഷ് കുമാർ മാപ്പ് പറയണം’; എൻ എസ് എസ് പത്തനാപുരം താലൂക്ക് യൂണിയന്‍

Please complete the required fields.




പത്തനാപുരം : എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ അധിക്ഷേപിച്ച കെ ബി ഗണേഷ് കുമാര്‍ മാപ്പ് പറയണമെന്ന് പത്തനാപുരം താലൂക്ക് യൂണിയന്‍. എന്‍എസ്എസിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയില്‍ ഗണേഷ് കുമാര്‍ പങ്കെടുത്തെന്നും സ്വന്തം പ്രവര്‍ത്തികളുടെ ഫലമായാണ് അദ്ദേഹം പൊതുമണ്ഡലത്തില്‍ നിന്നും തിരസ്‌കരിക്കപ്പെട്ടതെന്നും യോഗം കുറ്റപ്പെടുത്തി.

മുഴുവന്‍ സമുദായാംഗങ്ങളുടേയും കരുത്താണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി. വിറളിപൂണ്ടാണ് ഗണേഷ് കുമാര്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നത്. സ്വന്തം പിതാവിനോട് എങ്ങനെയാണ് പെരുമാറിയതെന്ന് ജനങ്ങള്‍ക്ക് അറിയാം. ഇനിയും നിന്ദകള്‍ തുടര്‍ന്നാല്‍ പൊതുനിരത്തിലിറങ്ങി പ്രതിരോധിക്കുമെന്നും പത്തനാപുരം താലൂക്ക് യൂണിയന്‍ വ്യക്തമാക്കി.

ജി സുകുമാരന്‍ നായര്‍ ചതിച്ചെന്ന ആരോപണവുമായി ഗണേഷ് കുമാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പത്തനാപുരം താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടത് പാതിരാത്രിയിലാണെന്നും വൈകിട്ട് അഞ്ച് കഴിഞ്ഞാല്‍ ഏത് ഓഫീസ് ആണ് പ്രവര്‍ത്തിക്കുന്നതെന്നും ഗണേഷ് കുമാര്‍ ചോദിച്ചിരുന്നു. പത്തനാപുരം താലൂക്ക് യൂണിയന്‍ മുന്‍ പ്രസിഡന്റ് ആണ് കെ ബി ഗണേഷ് കുമാര്‍.

തെറ്റിദ്ധരിക്കപ്പെട്ട് രാജിവെച്ചവര്‍ രാജി പിന്‍വലിച്ച കത്തുമായി വന്ന കാര്യം സുകുമാരന്‍ നായരോട് ഫോണില്‍ പറഞ്ഞപ്പോള്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറിക്ക് കൊടുക്കാനാണ് പറഞ്ഞത്. ഇപ്പോള്‍ പറയുന്നു അങ്ങനെയൊരു കത്ത് കിട്ടിയിട്ടില്ലെന്ന്. പദവിയിലിരിക്കുന്നവര്‍ സത്യം പറയണം. അച്ഛന്‍ പറഞ്ഞിട്ടുള്ളതുകൊണ്ട് എന്‍എസ്എസിനെതിരെ നിലപാട് സ്വീകരിക്കില്ലെന്നുമായിരുന്നു ഗണേഷ് കുമാര്‍ പ്രതികരിച്ചത്.

ധനലക്ഷ്മി ബാങ്കില്‍ നിന്ന് എന്‍എസ്എസിന്റെ പണം ആദ്യം പിന്‍വലിക്കുകയും പിന്നീട് തിരിച്ചിടുകയും ചെയ്തത് എന്തിനാണെന്നും കെ ബി ഗണേഷ് കുമാര്‍ ചോദിച്ചു. മന്നത്ത് ആചാര്യന്റെ ജീവചരിത്രത്തില്‍ പറയുന്ന തമിഴ്‌നാട്ടിലെ ശ്രീ അയ്യപ്പാ കോളേജിന്റെ ഇപ്പോഴത്തെ ഉടമ ആരാണ്? ഇവയ്‌ക്കൊക്കെ ജനറല്‍ സെക്രട്ടറി ഉത്തരം പറയണമെന്നും എന്‍എസ്എസ് പിടിച്ചെടുക്കാനാണ് തന്റെ ശ്രമമെന്ന ആക്ഷേപം ശരിയല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Related Articles

Back to top button