Site icon Fourteen Kerala – 14 Kerala News

രാത്രിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ പൈപ്പുകളിലേക്ക് ഇടിച്ചുകയറി; 19-കാരന് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

മലപ്പുറം: വടപുറം – വളാഞ്ചേരി സംസ്ഥാനപാതയിൽ വണ്ടൂരിന് സമീപം നടുവത്ത് മൂച്ചിക്കലിൽ കാർ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. വണ്ടൂർ മരക്കുലംകുന്ന് കുമ്മാളി പ്രണവ് (19) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മരക്കലംകുന്ന് ആദിഷ്, വടപുറം പാലപ്പറമ്പ് സ്വദേശി അഭിജിത്ത് എന്നിവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും, മരക്കുലംകുന്ന് അഖിലേഷിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ റോഡരികിൽ കൂട്ടിയിട്ടിരുന്ന വലിയ കുടിവെള്ള പൈപ്പുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകട ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഗുരുതരമായി പരിക്കേറ്റ പ്രണവിന്റെ ജീവൻ രക്ഷിക്കാനായില്ല. മരിച്ച പ്രണവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Exit mobile version