Site icon Fourteen Kerala – 14 Kerala News

താമരശ്ശേരിയിൽ പ്രിയദർശിനി ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ പകർത്തിയതോടെ ഓടിരക്ഷപ്പെട്ട കോഴിക്കോട് സ്വദേശിയായ പ്രതി പിടിയിൽ

കോഴിക്കോട്: താമരശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിൽ വെച്ച് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കോഴിക്കോട് നടുവണ്ണൂർ കരുവണ്ണൂർ ആശാരിക്കണ്ടിയിൽ രാജേഷ് (നാഗേഷ്) ആണ് താമരശ്ശേരി പൊലീസിന്റെ പിടിയിലായത്. സമാനമായ രീതിയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ഇയാൾക്കെതിരെ മുൻപും നാട്ടുകാരുടെ ഭാഗത്തുനിന്ന് കൈയേറ്റം ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായിട്ടുള്ളതായി നാട്ടുകാർ വ്യക്തമാക്കിയിട്ടുണ്ട്.

സ്ത്രീകൾ തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്ന ബസുകളിൽ മുൻഭാഗത്ത് മാത്രം കയറി നിന്ന് കുറ്റകൃത്യങ്ങൾ നടത്തുന്നതാണ് ഇയാളുടെ രീതിയെന്നും ജനങ്ങൾ പറയുന്നു. മാധ്യമങ്ങളിൽ വന്ന വാർത്തകൾ കണ്ടാണ് നാട്ടുകാർ പ്രതിയെ തിരിച്ചറിഞ്ഞതും ഉടൻതന്നെ പൊലീസിന് വിവരം കൈമാറിയതും.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നാടിനെ ഞെട്ടിച്ച ഈ സംഭവം നടന്നത്. താമരശ്ശേരി പരപ്പൻപൊയിലിൽ നിന്നും പടനിലത്തേയ്ക്ക് യാത്ര ചെയ്യാൻ ബസ് കയറിയ വിദ്യാർഥിനിക്ക് നേരെയാണ് ഇയാൾ ലൈംഗികാതിക്രമം അഴിച്ചുവിട്ടത്. വിദ്യാർഥിനി ഒട്ടും പതറാതെ ബഹളം വെക്കുകയും സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിക്കുകയും ചെയ്തതോടെ ഇയാൾ പന്തികേട് മണത്ത് ബസിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് പെൺകുട്ടി നൽകിയ പരാതിയുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.

Exit mobile version