Site icon Fourteen Kerala – 14 Kerala News

കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; വയനാട് സ്വദേശി കോഴിക്കോട്ട് പിടിയിൽ

മലപ്പുറം: കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാൾ പിടിയിൽ. വയനാട് ചുണ്ടയിൽ സ്വദേശി വിനീത് കുമാറിനെയാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽനിന്ന് പുലർച്ചെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച പാലക്കാട്-കോഴിക്കോട് സൂപ്പർഫാസ്റ്റ് ബസിൽവെച്ചാണ് സംഭവം ഉണ്ടായതെന്ന് പോലീസ് പറയുന്നു. യുവതിയുടെ സമീപത്തെ സീറ്റിലിരുന്ന പ്രതി ദേഹത്ത് സ്പർശിക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ യുവതി കൊണ്ടോട്ടി പോലീസിൽ പരാതി നൽകിയിരുന്നു. പ്രതിയുടെ ഫോട്ടോ പോലീസിന് ലഭിച്ചിരുന്നതായും അധികൃതർ അറിയിച്ചു. ഈ ഫോട്ടോ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്.

പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോഴിക്കോട് ബസ് സ്റ്റാൻഡിൽനിന്ന് വയനാട് സ്വദേശിയെ പിടികൂടിയത്. പിടികൂടിയ പ്രതിയെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യൽ നടത്തി. കേസിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. യുവതിയുടെ മൊഴിയും മറ്റ് തെളിവുകളും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് കെ.എസ്.ആർ.ടി.സി ബസുകളിൽ കർശന പരിശോധനയും നിരീക്ഷണവും ശക്തമാക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. ഇത്തരം സംഭവങ്ങളിൽ പരാതി നൽകാൻ മടിക്കരുതെന്നും ഉടൻ പോലീസിനെ അറിയിക്കണമെന്നും പോലീസ് നിർദേശിച്ചു.
കേസിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കുമെന്നും കൊണ്ടോട്ടി പോലീസ് അറിയിച്ചു.

Exit mobile version