Site icon Fourteen Kerala – 14 Kerala News

കുറ്റ്യാടിയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; അപകടം ഡ്രൈവറോട് ഉറങ്ങിപ്പോയതോടെ, യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട് : കുറ്റ്യാടിയിൽ ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് പതിച്ചു. കുറ്റ്യാടി – തൊട്ടിൽപ്പാലം റോഡിലാണ് സംഭവം. നിയന്ത്രണം വിട്ട വാഹനം റോഡരികിലെ പോസ്റ്റും ചെടികളും തകർത്താണ് പുഴയോരത്തുള്ള താഴ്ചയിലേക്ക് പതിച്ചത്.

സമീപത്ത് ശക്തമായ ഒഴുക്കുള്ള പുഴ ഉണ്ടായിരുന്നു. എന്നാൽ കാർ മരങ്ങൾക്കിടയിലും മറ്റും തങ്ങിനിന്നതിനാൽ പുഴയിലേക്ക് പതിക്കാതെ വൻ അപകടം തലനാരിഴയ്ക്ക് ഒഴിവാകുകയാണ് ഉണ്ടായത്. സ്ഥലവാസികൾ ഉടൻ ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.രാത്രി സമയങ്ങളിലും ദീർഘദൂര യാത്രകളിലും ഡ്രൈവർമാർക്ക് ഉറക്കം വരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സന്ദർഭങ്ങളിൽ വാഹനം സുരക്ഷിതമായി നിർത്തി വിശ്രമിച്ച ശേഷം മാത്രം യാത്ര തുടരണമെന്ന് മോട്ടോർ വാഹന വകുപ്പും പൊലിസും നിർദേശിക്കുന്നു.

അമിതവേഗവും ക്ഷീണവും അപകടങ്ങൾക്ക് പ്രധാന കാരണമാകുന്നുണ്ട്. കുറ്റ്യാടി-തൊട്ടിൽപ്പാലം റോഡിൽ ഇത്തരത്തിൽ റോഡരികിൽ താഴ്ചകളുള്ള ഭാഗങ്ങൾ നിരവധിയാണ്. വാഹനങ്ങൾ ഓടിക്കുമ്പോൾ അധിക ജാഗ്രത പാലിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Exit mobile version