പാലക്കാട്: മുതലമട ഗോവിന്ദാപുരം ചെക്ക്പോസ്റ്റിനുസമീപം സ്കൂട്ടറിൽ ലോറിയിടിച്ച് രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. മുതലമട അടമ്പമരത്ത് വിഷ്ണുവിന്റെ മകൻ ശ്രീഹരി(7)യാണ് മരിച്ചത്. അപകടത്തിൽ അമ്മ മറീനയ്ക്കും ഇളയ സഹോദരൻ ശ്രീഷൈനും (5) പരിക്കേറ്റു.
ചൊവ്വ വൈകിട്ട് 4.30നായിരുന്നു അപകടം. സ്കൂൾ വിട്ട് മക്കളുമായി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു മറീന. ഗോവിന്ദാപുരത്തെ പഴയ വാണിജ്യനികുതി ചെക്ക്പോസ്റ്റിനുസമീപം ലോറിയെ മറികടക്കുന്നതിനിടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ശ്രീഹരി സംഭവസ്ഥലത്തുതന്നെ മരിച്ചു. മറീനയും ശ്രീഷൈനും മുതലമടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
ഗോവിന്ദാപുരത്ത് തമിഴ്നാട്ടിലുള്ള കന്തസ്വാമി മെട്രിക്കുലേഷൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ശ്രീഹരി. ഇളയ സഹോദരൻ ശ്രീഷൈൻ എൽകെജിയിലാണ് പഠിക്കുന്നത്. ശ്രീഹരിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
