Site icon Fourteen Kerala – 14 Kerala News

കണ്ണൂരിൽ നിന്ന് കൊല്ലത്തേക്ക് ട്രെയിനിന്റെ വാതിൽപ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രാക്കിലേക്ക് വീണു; 18-കാരന് ദാരുണാന്ത്യം

കൊല്ലം: ട്രെയിനിന്റെ വാതിൽപ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ താഴേക്കു വീണ് പതിനെട്ടുകാരൻ മരിച്ചു. കൊല്ലം പുല്ലാമല സ്വദേശി രാഹുലാണ് മരിച്ചത്. കൊച്ചി പൊന്നുരുന്നിക്കു സമീപം റെയിൽവേ ട്രാക്കിനരികിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

കണ്ണൂരിൽനിന്ന് കൊല്ലത്തേക്കു പോകുകയായിരുന്ന മലബാർ എക്സ്പ്രസിലെ യാത്രക്കാരനായിരുന്നു രാഹുൽ. അതിവേഗം സഞ്ചരിക്കുന്ന ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തിൽ താഴേക്കു വീണാണ് അപകടമുണ്ടായതെന്നാണ് നിഗമനം.
രാഹുലിനൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് രാഹുലിനെ ട്രെയിനിൽ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് സുഹൃത്ത് വിവരം കായംകുളം റെയിൽവേ പൊലീസിനെ അറിയിച്ചു.

റെയിൽവേ പൊലീസ് ഉടൻതന്നെ മറ്റു സ്റ്റേഷനുകളിലേക്ക് സന്ദേശം കൈമാറി. ഇതിനിടെയാണ് പൊന്നുരുന്നി ഭാഗത്ത് റെയിൽവേ ട്രാക്കിനു സമീപം മൃതദേഹം കിടക്കുന്നതായി നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുന്നത്.വിവരമറിഞ്ഞ് കടവന്ത്ര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
ബന്ധുക്കൾ കൊച്ചിയിലെത്തിയ ശേഷം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടുനൽകും. സംഭവത്തിൽ കടവന്ത്ര പൊലീസും റെയിൽവേ പൊലീസും അന്വേഷണം ആരംഭിച്ചു.

Exit mobile version