Site icon Fourteen Kerala – 14 Kerala News

കൊല്ലത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം

കൊല്ലം: ദേശീയപാതയിൽ കുരീപ്പുഴ പാലത്തിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. മുക്കാട് പുത്തൻതുരുത്ത് സ്വദേശി വിനോദ് ആണ് ദാരുണമായി മരിച്ചത്. തിങ്കളാഴ്ച രാത്രി 10.15-ഓടെയായിരുന്നു അപകടം സംഭവിച്ചത്. വിനോദും ഒപ്പമുണ്ടായിരുന്ന അനിയും സഞ്ചരിച്ചിരുന്ന സ്കൂട്ടറും വടക്കുംതല സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവർക്കും ഗുരുതരമായി പരുക്കേറ്റു. നാട്ടുകാർ ചേർന്ന് ആംബുലൻസിലാണ് ഇവരെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. എങ്കിലും ചികിത്സയിലിരിക്കെ വിനോദിന്റെ ജീവൻ രക്ഷിക്കാനായില്ല.

ഒപ്പമുണ്ടായിരുന്ന അനിക്ക് ഗുരുതര പരുക്കുകളോടെ ചികിത്സ തുടരുകയാണ്. അപകടത്തിൽ സ്കൂട്ടർ പൂർണമായി തകരുകയും കാറിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അപകടം നടന്ന സ്ഥലത്ത് തെരുവുവിളക്കുകൾ പ്രകാശിക്കാത്തത് നിരന്തരമായ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Exit mobile version