Site icon Fourteen Kerala – 14 Kerala News

ഡ്രൈവർ ഉറങ്ങിപ്പോയത് ദുരന്തമായി; ഗോവയിൽ നിന്ന് മടങ്ങുകയായിരുന്ന നഴ്സിങ് വിദ്യാർത്ഥികളുടെ ബസ് മറിഞ്ഞ് മൂന്ന് മരണം; 26 പേർക്ക് പരിക്ക്

ബംഗളൂരു: കർണാടകയിലെ ചിത്രദുർഗ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ ബസ് ഡ്രൈവറും ക്ലീനറും നഴ്സിങ് വിദ്യാർത്ഥിയുമടക്കം മൂന്ന് പേർ മരിച്ചു. ബസ് ഡ്രൈവർ ഗുരുപ്രസാദ്, ക്ലീനർ ശങ്കർ, ഒരു നഴ്സിങ് വിദ്യാർത്ഥി എന്നിവരാണ് മരണപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. അപകടത്തിൽ 26 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ ഹിരിയൂർ താലൂക്കിലെ ഐമാംഗലയ്ക്ക് സമീപം ദേശീയപാതയിൽ വെള്ളിയാഴ്ച രാവിലെ 5:30ഓടെയാണ് അപകടം സംഭവിച്ചത്. ബന്നാർഘട്ട റോഡിലെ അരെക്കെരെയിലുള്ള സ്വകാര്യ നഴ്സിങ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലെ അഴുക്കുചാലിലേക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് പൂർണമായും തകർന്നു. ആഗസ്റ്റ് 16-ന് ഗോവയിലേക്ക് യാത്ര പോയ വിദ്യാർത്ഥികൾ യാത്ര പൂർത്തിയാക്കി ഗോവയിൽ നിന്ന് ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടയിലാണ് ഈ ദുരന്തം ഉണ്ടായത്.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ഉടൻ തന്നെ ചിത്രദുർഗ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചിത്രദുർഗ പൊലീസ് സൂപ്രണ്ട് രഞ്ജിത്ത് കുമാർ ബന്ദാരു സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. സംഭവത്തിൽ ഐമാംഗല പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Exit mobile version