കൊട്ടാരക്കര: പുത്തൂർ മാറനാട് റോഡിൽ ബൈക്ക് മതിലിൽ ഇടിച്ചു കയറി വർക്ക്ഷോപ്പ് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. പുത്തൂർ തെക്കുംപുറം പ്രഭാമന്ദിരത്തിൽ പ്രകാശ് (42) ആണ് മരിച്ചത്. പുത്തൂർ തെക്കേ ചന്തയ്ക്ക് സമീപം ശിവ ശക്തി ടൂ വീലേഴ്സ് എന്ന വർക്ക്‌ഷോപ്പ് നടത്തി വരുകയായിരുന്നു പ്രകാശ്.
29-ാം തീയതി രാത്രി 11.30-ഓടെയാണ് അപകടം സംഭവിച്ചത്. വർക്ക്‌ഷോപ്പ് അടച്ച ശേഷം വീട്ടിലേക്ക് പോകുന്ന വഴി പ്രകാശ് സഞ്ചരിച്ച ബൈക്കിന് കുറുകെ പെട്ടെന്ന് നായ ചാടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രകാശിനെ ആദ്യം പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ പ്രഭാകരൻ ആചാരിയാണ് അച്ഛൻ. കോമളയമ്മയാണ് അമ്മ. ശ്രീരേഖ ഭാര്യയും ശ്രീകേശ് മകനുമാണ്.സംസ്ഥാനത്ത് തെരുവ് നായ ശല്യം മൂലം റോഡപകടങ്ങളും ജീവഹാനിയും തുടർച്ചയായി വർദ്ധിച്ചുവരുന്നു. രാത്രികാലങ്ങളിലും പുലർച്ചെയും റോഡുകളിലൂടെ സഞ്ചരിക്കുന്ന ഇരുചക്രവാഹന യാത്രക്കാരാണ് തെരുവ് നായകളുടെ ആക്രമണത്തിനും പെട്ടെന്ന് മുന്നിലേക്ക് ചാടുന്നതിലൂടെ ഉണ്ടാകുന്ന അപകടങ്ങൾക്കും ഇരയാകുന്നത്.
ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തെരുവ് നായ ശല്യത്തിനെതിരെ ശക്തമായ പ്രതിരോധ നടപടികളും ബോധവൽക്കരണങ്ങളും അടിയന്തരമായി നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും പ്രധാന ആവശ്യം.
