കുളത്തൂപ്പൂഴ: മലയോര ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിലർ ലോറിയുടെ പിൻചക്രം ഊരിത്തെറിച്ച് പാതയോരത്തെ വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന കുഞ്ഞിന് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ മടത്തറ-കുളത്തൂപ്പുഴ പാതയിൽ മൈലമൂട് കവലയ്ക്ക് സമീപമായിരുന്നു ഈ അപ്രതീക്ഷിത ദുരന്തം.
തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ലോറിയുടെ പിൻചക്രങ്ങളിലൊന്ന് ഊരിപ്പോരുകയും, മുപ്പത് മീറ്ററിലധികം മുന്നിലേക്ക് ഉരുണ്ട് പാതയോരത്തെ ‘നസീം മൻസിൽ’ അബ്ദുൽ സലാമിന്റെ വീടിനുള്ളിലേക്ക് ശക്തമായി ഇടിച്ചുകയറുകയുമായിരുന്നു. അബ്ദുൽ സലാമിന്റെ ഭാര്യയും മകന്റെ കുഞ്ഞും ഉറങ്ങിക്കിടന്ന കിടപ്പുമുറിയുടെ ജനാലയിലാണ് ടയർ ചെന്നിടിച്ചത്.ഇടിയുടെ ആഘാതത്തിൽ ജനലിന്റെ ചില്ലുകൾ തകർന്ന് കുഞ്ഞിന്റെ ദേഹത്ത് പതിച്ചാണ് പരിക്കേറ്റത്. കൂടാതെ വീടിന്റെ ഉമ്മറത്തെ തൂണും തകർന്ന് നിലംപൊത്തി. സംഭവസ്ഥലത്ത് ബഹളമുയർന്നതോടെ വീട്ടുകാർ ഭയന്ന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് അപകടത്തിന്റെ ഭീകരത വ്യക്തമായത്.
പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ടയർ ഊരിത്തെറിച്ചതിന് പിന്നാലെ 100 മീറ്ററിലധികം മുന്നോട്ട് ഉരുണ്ട ശേഷമാണ് ലോറി പൂർണ്ണമായും നിയന്ത്രണവിധേയമാക്കി നിർത്താനായത്. സംഭവത്തിൽ കുളത്തൂപ്പുഴ പോലീസ് ആവശ്യമായ മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
