Site icon Fourteen Kerala – 14 Kerala News

നാദാപുരത്തെ ഇരിങ്ങണ്ണൂർ സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ ഷോപ്പിൽ കവർച്ച; 22,000 രൂപ കവർന്നു

കോഴിക്കോട്: നാദാപുരം ഇരിങ്ങണ്ണൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ ഷോപ്പിൽ പുലർച്ചെ വൻ കവർച്ച. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കടയുടെ ഷട്ടറിന്റെ പൂട്ടുപൊളിച്ച് അകത്തുകയറിയ രണ്ട് പേർ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 22,000 രൂപയുമായി കടന്നുകളയുകയായിരുന്നു.

രാവിലെ സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരാണ് ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മേശവലിപ്പിൽ സൂക്ഷിച്ച പണം നഷ്ടപ്പെട്ടതായി മനസ്സിലായത്.

സംഭവത്തിൽ ഇരിങ്ങണ്ണൂർ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി അരവിന്ദാക്ഷൻ നൽകിയ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പോലീസ് പരിശോധന നടത്തിവരികയാണ്. രണ്ട് പേർ അടങ്ങുന്ന സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് സൂചന ലഭിച്ചിട്ടുണ്ട്. സമീപകാലത്തായി ഈ മേഖലയിൽ മോഷണശ്രമങ്ങൾ വർദ്ധിച്ചുവരുന്നത് വ്യാപാരികൾക്കും നാട്ടുകാർക്കും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്

Exit mobile version