കൊല്ലം: സ്വകാര്യ ആശുപത്രിയിൽ തൊണ്ടയിലെ മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കൾ വെണ്മണി പൊലീസിൽ പരാതി നൽകി. ചവറ തേവലക്കര മുള്ളിക്കാല വടക്ക് അനിൽ ഭവനിൽ ഉദയലക്ഷ്മി (42) ആണ് മരിച്ചത്.
ചെങ്ങന്നൂർ കൊല്ലകടവ് ചെറിയനാട് സ്വകാര്യ ആശുപത്രിയിൽ നവംബർ 16-നാണ് ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ 17-ന് ഇവരെ വീണ്ടും ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഹൃദയസ്തംഭനം മൂലം മരിച്ചെന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്.
അടുത്തിടെ നടത്തിയ ആരോഗ്യപരിശോധനയിലാണ് തൈറോയിഡ് സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ഉദയലക്ഷ്മിയുടെ തൊണ്ടയിൽ മുഴ കണ്ടെത്തിയത്. ഭർത്താവ്: അനിൽകുമാർ. മകൻ: രഘുനന്ദൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
