Site icon Fourteen Kerala – 14 Kerala News

ട്രെയിൻ കയറാൻ പോയ യാത്രക്കാർക്ക് ദുരന്തയാത്ര; അമ്പലപ്പുഴയിൽ മേൽപ്പാലത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിദ്യാർഥിനികൾക്ക് ഗുരുതര പരിക്ക്

അമ്പലപ്പുഴ: ദേശീയപാതയിൽ അമ്പലപ്പുഴ കാക്കാഴം റെയിൽവേ മേൽപ്പാലത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണംവിട്ട കാർ എതിരേ വന്ന ബൈക്കിലിടിച്ച്, ബൈക്കിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികൾ ഇടിയുടെ ആഘാതത്തിൽ പാലത്തിൽനിന്ന് താഴേക്ക് തെറിച്ചുവീണു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

ബൈക്ക് ഓടിച്ചിരുന്ന വളഞ്ഞവഴി കമ്പിവളപ്പ് സ്വദേശി രാഹുൽ (36), സഹോദരീപുത്രി ദേവദർശി (18), സുഹൃത്ത് ദിയ (18) എന്നിവർക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു ബൈക്ക് യാത്രക്കാർ. കൊല്ലത്തുനിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പോവുകയായിരുന്നവർ സഞ്ചരിച്ച കാറാണ് ബൈക്കിലിടിച്ചത്.

നാട്ടുകാർ ചേർന്ന് ഉടൻതന്നെ മൂവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. കാലിന് ഒടിവേറ്റ രാഹുലിനെയും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികളെയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാറിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

അപകടത്തിൽ ബൈക്കും കാറിന്റെ മുൻഭാഗവും പൂർണ്ണമായി തകർന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് പൊലീസെത്തി ക്രെയിൻ ഉപയോഗിച്ച് കാർ പാലത്തിൽനിന്ന് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Exit mobile version