Site icon Fourteen Kerala – 14 Kerala News

കൊല്ലത്ത് പേവിഷബാധയേറ്റ് എട്ടുവയസ്സുകാരി മരിച്ച സംഭവം; ചികിത്സാ പിഴവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

കൊല്ലം: പേവിഷബാധയേറ്റ് എട്ടുവയസ്സുകാരി നിയ ഫൈസൽ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ചികിത്സാ പിഴവുണ്ടായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇമ്മ്യൂണോഗ്ലോബുലിൻ ഡോസ് കൃത്യമായ അളവിലും സമയത്തും നൽകിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ.

ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് ഡെപ്യൂട്ടി സൂപ്രണ്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറി. 2025 മേയിലാണ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ നിയ ഫൈസൽ മരിക്കുന്നത്. ഏപ്രിൽ എട്ടിന് കുന്നിക്കോട് വിളക്കുടിയിലെ വീടിന് സമീപത്തുവെച്ചാണ് നിയയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് ഇമ്മ്യൂണോഗ്ലോബുലിൻ വാക്സിൻ നൽകിയതിൽ പിഴവുണ്ടായെന്നും പരിചരണത്തിൽ ഗുരുതര അലംഭാവം സംഭവിച്ചെന്നുമായിരുന്നു കുടുംബത്തിന്റെ പ്രധാന പരാതി.

എന്നാൽ കുട്ടിയുടെ ശരീരഭാരത്തിന് അനുസരിച്ചുള്ള മരുന്ന് കൃത്യമായി നൽകിയിട്ടുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. കുടുംബം ആഭ്യന്തരമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. മെഡിക്കൽ ബോർഡിന്റെ അന്തിമ നിഗമനങ്ങൾ പുറത്തുവന്ന ശേഷമേ ചികിത്സാ പിഴവ് സംബന്ധിച്ച് പൂർണ്ണമായ അന്തിമ തീരുമാനത്തിലെത്താൻ സാധിക്കൂ എന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു. നേരത്തെ ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെ നാലുപേരെ പ്രതി ചേർത്ത് പുനലൂർ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിലേക്ക് മാറ്റുകയായിരുന്നു.

Exit mobile version