Site icon Fourteen Kerala – 14 Kerala News

സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ച് മൂന്നുപേർ മരിച്ചു, ഞങ്ങൾ രക്ഷപ്പെട്ടു’; നെടുമ്പാശ്ശേരി വാഹനാപകട കേസിൽ പ്രതികളുടെ നിർണായക ശബ്ദരേഖ പുറത്ത്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ പ്രതികൾക്കെതിരെ നിർണായക തെളിവുകൾ കോടതിയിൽ സമർപ്പിച്ച് പോലീസ്. അപകടത്തെക്കുറിച്ചും കാറിന്റെ അമിതവേഗതയെക്കുറിച്ചും പ്രതികൾ സുഹൃത്തുക്കളുമായി പങ്കുവെച്ച ശബ്ദരേഖയാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. അപകടത്തിന് ശേഷം പ്രതികൾ വാട്സ്ആപ്പിലൂടെ അയച്ച സന്ദേശങ്ങളും ശബ്ദരേഖയും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

“സുഹൈൽ നന്നായി മദ്യപിച്ചിരുന്നു. കാർ സ്കൂട്ടറിൽ ഇടിച്ച് മൂന്നുപേർ മരിച്ചു, ഞങ്ങൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു” എന്ന തരത്തിലുള്ള മൂന്നാം പ്രതി ജോയലിന്റെ ശബ്ദരേഖയാണ് കേസിൽ നിർണായകമായത്. അപകടസ്ഥലത്ത് നാട്ടുകൂട്ടം തടിച്ചുകൂടിയപ്പോൾ “വാപ്പ നോക്കിക്കോളും” എന്ന് സുഹൈൽ പറഞ്ഞതായും ശബ്ദരേഖ വ്യക്തമാക്കുന്നുണ്ട്. അമീൻ, ജോയൽ എന്നിവരോട് ഉടൻ സ്ഥലത്തുനിന്ന് രക്ഷപ്പെടാനാണ് സുഹൃത്ത് മറുപടി നൽകിയത്. അപകടത്തിന് ശേഷം സുഹൈൽ ആദ്യം വിളിച്ചത് പിതാവിനെയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

വാഹനം സ്ഥിരമായി അമിതവേഗത്തിൽ ഓടിക്കുന്നതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് മിനി കൂപ്പർ കാർ മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും ജോയലിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നു. പ്രതികൾക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ശക്തമായ വാദമാണ് ഉയർത്തിയത്. പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇതിനോടകം തള്ളിയിട്ടുമുണ്ട്.

സുഹൈലിന്റെ ശരീരത്തിൽ അനുവദനീയമായതിലും അഞ്ച് ഇരട്ടിയിലധികം മദ്യം ഉണ്ടായിരുന്നുവെന്ന് ശാസ്ത്രീയ പരിശോധനാ ഫലവും പുറത്തുവന്നിട്ടുണ്ട്. ഒക്ടോബർ 11ന് പുലർച്ചെയാണ് മദ്യലഹരിയിൽ സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ കാർ മൂന്നുപേർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലിടിച്ച് അപകടമുണ്ടായത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് അന്ന് തൽക്ഷണം മരിച്ചത്.

Exit mobile version