Site icon Fourteen Kerala – 14 Kerala News

മൂരാട് റെയിൽവേ പാലം കമ്മിഷൻ: കോട്ടക്കൽ റെയിൽവേ ഗേറ്റ് യാത്ര ദുഷ്കരം

പയ്യോളി : മൂരാട് പുതിയ റെയിൽവേ പാലം കമ്മിഷൻ ചെയ്യുന്നതിന്റെ ഭാഗമായി ഇരിങ്ങൽ കോട്ടക്കൽ റെയിൽവേ ഗേറ്റിലെ ടാറിങ്ങും കല്ലുകളും ഇളക്കിയിട്ടത് റീടാർ ചെയ്തില്ല. ഇതിനാൽ ഈ ഗേറ്റ് വഴിയുള്ള യാത്ര വാഹനങ്ങൾക്ക് ദുഷ്‌കരമായിരിക്കയാണ്. റെയിൽവേ ഗേറ്റിലെ പാളത്തിനിടയിൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബുകൾക്കിടയിൽ വീതികൂടിയ ആഴമുള്ള കുഴികളാണുള്ളത്. കരിങ്കല്ലുകളും ഇളക്കിയിട്ടനിലയിലാണ്. ഇതിനാൽ വാഹനങ്ങൾക്ക് വേഗത്തിൽ പോകാൻ കഴിയില്ല. ഇരുചക്രവാഹനത്തിന്റെയും ഓട്ടോറിക്ഷയുടെയും ടയറുകൾ പലപ്പോഴും കുഴികളിൽ കുടുങ്ങിപ്പോകുന്നു.

ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണ് കോട്ടക്കൽ ഗേറ്റ്. സർഗാലയ, കുഞ്ഞാലി മരയ്ക്കാർ സ്‌മാരകം, മിനിഗോവ എന്നിവിടങ്ങളിലെക്കുള്ള വഴിയും ഈ ഗേറ്റിലൂടെയാണ്. ഇത്തരം പ്രയാസമുള്ളതിനാൽ ഒരുതവണ ഗേറ്റ് തുറന്നാൽ ഗേറ്റിൽ കുടുങ്ങിയ എല്ലാ വാഹനങ്ങൾക്കും കടന്നുപോകാൻ കഴിയുന്നില്ല. അടുത്ത തീവണ്ടിവരുന്ന സമയമാകുന്നതിനാൽ ഗേറ്റ് വീണ്ടും അടയ്ക്കും. രാവിലെയും വൈകുന്നേരവും വാഹനങ്ങളുടെ നീണ്ടനിരയാണ്. ഓഫീസുകളിലും സ്‌കൂളിലേക്കും മറ്റും പോകേണ്ടവർ ഏറെ വിഷമം അനുഭവിക്കുന്നു. ടാറിങ് നടക്കാത്തത് ഗേറ്റ് കീപ്പർമാർക്കും വലിയ ‘തലവേദന’യാണ്. വാഹനങ്ങളെ അകറ്റി അടുത്ത തീവണ്ടി വരുന്നതിനുമുൻപ് ഗേറ്റടയ്ക്കാൻ അവർ കഷ്ടപ്പെടുകയാണ്.

ഒക്ടോബർ ഒന്നിന് മൂരാട് റെയിൽപാലം പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. പാലത്തിലെ ട്രാക്കും റെയിൽവേ ട്രാക്കും യോജിപ്പിക്കുമ്പോൾ നിലവിലുണ്ടായിരുന്ന പാളത്തിന് സ്ഥാനചലനം വന്നിട്ടുണ്ട്. കോട്ടക്കൽ ഗേറ്റിൽ ഇത് 50 സെന്റീമീറ്ററെങ്കിലും വരും. പാലത്തിൽനിന്ന് ഏതാണ്ട് 750 മീറ്റർ നീളംവരെ ഇരുഭാഗത്തും ഇങ്ങനെ പാളത്തിന് സ്ഥാനചലനം ഏറ്റക്കുറച്ചിലോടെ വന്നിട്ടുണ്ട്. അതിനാൽ രണ്ടുദിവസം വണ്ടികൾ പോകുന്നതോടെ സ്ലീപ്പറിനടിയിലെ കരിങ്കല്ലുകൾ താഴും. ഇത് നാലുതവണ ഇളക്കിമാറ്റി ഉറപ്പിച്ചാൽമാത്രമേ സെറ്റാകുകയുള്ളൂവത്രേ. രണ്ടുദിവസം കൂടുമ്പോൾ ഇതുചെയ്യാം. നാലാം തീയതി ആകുമ്പോഴേക്കും രണ്ടുതവണ ചെയ്തു. വൈകാതെ മറ്റുദിവസങ്ങളിലായി ബാക്കിയുള്ള രണ്ട് പ്രവൃത്തിയും ചെയ്തു. എന്നിട്ടും ഈ മാസം പകുതി കഴിഞ്ഞിട്ടും ടാറിങ് നീണ്ടുപോകുകയാണ്. പാലത്തിൽ റെയിൽവേ ലൈൻ ഉറപ്പിച്ചവർ തന്നെയാണ് ഗേറ്റിലെ പ്രവൃത്തിയും ചെയ്യേണ്ടതെന്നും ടാറിങ് ജോലിചെയ്യുന്നവരെ കിട്ടാത്തതാണ് വൈകുന്നതിന് കാരണമെന്നും റെയിൽവേ അധികൃതർ പറഞ്ഞു.

Exit mobile version