ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ പറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് (സിജെപി) ആഹ്വാനം ചെയ്ത തിരംഗ യാത്രയ്ക്ക് തൊട്ടുമുമ്പ് കൺവീനർ അഭിജീത് ദീപ്കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, തടസ്സങ്ങളെ അതിജീവിച്ച് മാർച്ചുമായി മുന്നോട്ടുപോകുമെന്ന് സിജെപി നേതാക്കൾ വ്യക്തമാക്കി.
നേരത്തെ, തിരംഗ മാർച്ച് സംഘടിപ്പിക്കരുതെന്ന് കാട്ടി അഭിജീത് ദീപ്കെയുടെ വസതിയിലെത്തിയ പൊലീസ് സംഘം നോട്ടീസ് നൽകിയിരുന്നു. എന്നാൽ, മുൻകൂട്ടി നൽകിയ നോട്ടീസും പൊലീസ് വിലക്കും ലംഘിച്ച് ദേശീയപതാകയേന്തി നൂറുകണക്കിന് പ്രവർത്തകരാണ് മാർച്ചിൽ അണിനിരക്കുന്നത്.
മാർച്ച് പ്രതിരോധിക്കുന്നതിനായി ഡൽഹി കൊണാട്ട് പ്ലേസ് പരിസരത്ത് ശക്തമായ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഡ്രോൺ, സിസിടിവി നിരീക്ഷണങ്ങൾക്ക് പുറമേ കസ്റ്റഡിയിലെടുക്കുന്ന പ്രവർത്തകരെ മാറ്റാനായി ബസുകളും സജ്ജമാക്കിയിട്ടുണ്ട്. വോട്ടർ പട്ടികയിലെ തീവ്രപരിഷ്കരണ നടപടികൾ റദ്ദാക്കുക, മുൻപ് സമരം ചെയ്ത് കസ്റ്റഡിയിലായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ മോചിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് പ്രതിഷേധം. സംഘർഷ സാധ്യത കണക്കിലെടുത്ത് സെൻട്രൽ പാർക്ക് പൊലീസ് അടച്ചു.
