Site icon Fourteen Kerala – 14 Kerala News

നോവായി അൻഷിക; സ്കൂളിലേക്ക് പോകുന്നതിനിടെ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണു, ട്രാക്ടറിനടിയിൽപ്പെട്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയും ഹാൻഡ്‌ബോൾ താരവുമായ അൻഷിക( 14) മരിച്ചു. സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനിരിക്കെയാണ് അപകടം. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മറ്റ് രണ്ട് കുട്ടികൾക്കൊപ്പം പരിശീലനത്തിനായി സ്കൂളിലേക്ക് പോകുകയായിരുന്നു അൻഷിക. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇഷ്ടിക കയറ്റിയ ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്ന് മറ്റൊരു വാഹനം പെട്ടെന്ന് പാഞ്ഞെത്തി. തുടർന്ന് സ്കൂട്ടർ ബ്രേക്ക് ചെയ്തതോടെ നിയന്ത്രണം വിട്ട് കുട്ടികൾ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്ന അൻഷിക വീണത് ട്രാക്ടറിന്റെ ഭാരമേറിയ ചക്രത്തിനടിയിലേക്കായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ സമീപത്തെ ഡി.എം.സി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച ബതിന്ദയിൽ ആരംഭിക്കുന്ന സംസ്ഥാനതല ഹാൻഡ്‌ബോൾ മത്സരത്തിൽ പങ്കെടുക്കാൻ തയ്യാറെടുക്കവെയാണ് ഈ അപ്രതീക്ഷിത വേർപാട്.

അപകടസമയത്ത് ട്രാക്ടർ ട്രോളിയിൽ ഏകദേശം 20 ടണ്ണോളം ഭാരം ഉണ്ടായിരുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രിന്റിംഗ് പ്രസ് ജീവനക്കാരനായ പിതാവും വീട്ടമ്മയായ മാതാവും 13 വയസ്സുള്ള സഹോദരനും അടങ്ങുന്നതാണ് അൻഷികയുടെ കുടുംബം. കേസിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Exit mobile version