Site icon Fourteen Kerala – 14 Kerala News

സ്കൂൾ അവധിക്ക് ബന്ധുവീട്ടിലേക്ക് പോവുന്നതിനിടെ ക്രൂരത; സൈക്കിളിൽ പോയ ഒൻപത് വയസുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, വടകര സ്വദേശിക്ക് തടവ്

നാദാപുരം: ഒൻപത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരുപത്തഞ്ചര വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി. വടകര പുതുപ്പണം കോട്ടക്കടവ് കക്കട്ടി സ്വദേശി സജീർ മൻസിൽ അന്ത്രു എന്ന അബ്ദുൾ റസാഖ് (64) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ മേനോൻ ശിക്ഷിച്ചത്.

2023 ഒക്ടോബർ 17നാണ് കേസിനാസ്പദമായ സംഭവം. സ്കൂളിൽ ശാസ്ത്രമേള അവധി ആയതിനാൽ ബന്ധുവീട്ടിലേക്ക് സൈക്കിളിൽ പോവുകയായിരുന്ന കുട്ടിയെ ആരുമില്ലാത്ത സമയം നോക്കി പ്രതി വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തിന് ശേഷം വീട്ടിലെത്തിയ കുട്ടിയുടെ പരിക്കുകൾ ശ്രദ്ധയിൽപ്പെട്ട മാതാവ് കുട്ടിയെ വടകര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വടകര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.

സംഭവത്തെ തുടർന്ന് രോഷാകുലരായ ജനക്കൂട്ടം പ്രതിയുടെ വീടിന് നേരെ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ പ്രതിക്ക് പരിക്കേറ്റു. സംഭവത്തിൽ നാട്ടുകാരായ 18 പേരെ പ്രതി ചേർത്ത് പ്രതിയുടെ ഭാര്യ കേസ് നൽകിയിട്ടുണ്ട്. ജനക്കൂട്ട ആക്രമണത്തിൽ പരിക്കേറ്റ പ്രതിയെ അന്നുതന്നെ അന്നത്തെ വടകര എസ്.ഐ എ.കെ സജീഷ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 18 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തു. വടകര പൊലീസ് ഇൻസ്പെക്ടറും ഇപ്പോൾ നാദാപുരം ഡി.വൈ.എസ്.പിയുമായ പി.എം മനോജ്, എ.എസ്.ഐ ഷീന എം.പി എന്നിവരാണ് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. എ.എസ്.ഐ ഷാനി പി.എം പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Exit mobile version