പേരാമ്പ്ര: അടിപിടി കേസുമായി ബന്ധപ്പെട്ട് മേപ്പയ്യൂർ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആളെ തിരികെ വീട്ടിലെത്തിയ ശേഷം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുവണ്ണൂർ പഞ്ചായത്തിലെ ആവള കുട്ടോത്ത് പൂവില്ലോത്ത് പറമ്പത്ത് വിനോദൻ (48) ആണ് മരിച്ചത്. വീടിന് സമീപത്തെ പറമ്പിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മുതുവണ്ണാച്ച സ്വദേശിയായ വിനോദൻ ഭാര്യയുടെ നാട്ടിലാണ് താമസം. കഴിഞ്ഞ ദിവസം രാത്രി ഭാര്യയുടെ ബന്ധുവുമായുണ്ടായ തർക്കത്തെ തുടർന്നാണ് മേപ്പയ്യൂർ പോലീസ് സ്ഥലത്തെത്തിയത്. തുടർന്ന് ചൊവ്വാഴ്ച രാവിലെ സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു. ഈ സമയത്ത് പോലീസ് തന്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ചതായി വിനോദൻ പറഞ്ഞിരുന്നുവെന്ന് പഞ്ചായത്തംഗം സജീവൻ പറഞ്ഞു.
കണ്ണിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ വിനോദൻ ആശുപത്രിയിൽ പോയിരുന്നെങ്കിലും തിരക്ക് കാരണം ഡോക്ടറെ കാണാതെ നേരെ പോലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. സ്റ്റേഷനിൽ ഹാജരായി വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം തിങ്കളാഴ്ച രാത്രി വിനോദൻ കത്തിയുമായി അക്രമാസക്തനായതിനെ തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ചാണ് വീട്ടിലെത്തിയതെന്നാണ് മേപ്പയ്യൂർ പോലീസിന്റെ വിശദീകരണം. ചൊവ്വാഴ്ച പരാതിക്കാരും വിനോദനും സ്റ്റേഷനിൽ ഹാജരായി സംസാരിച്ച ശേഷം പരാതിയില്ലെന്നും കേസെടുക്കേണ്ടതില്ലെന്നും അറിയിച്ചതിനെ തുടർന്ന് രമ്യതയിൽ പിരിഞ്ഞതായും പോലീസ് വ്യക്തമാക്കി.
