കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ പിടിയിലായ വ്യക്തിയുടെ ഭാര്യ നാല് ദിവസം മുൻപ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് രണ്ട് കോടി രൂപയുടെ സ്വർണവുമായി പിടിയിലായിരുന്നുവെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന വിവരം.
28 കാരിയായ യുവതിയിൽ നിന്ന് 1.78 കിലോ സ്വർണമാണ് അന്ന് പിടിച്ചെടുത്തത്. പൊന്നാനി സ്വദേശിയായ തന്റെ ഭർത്താവാണ് സ്വർണം ഒളിപ്പിച്ചു നൽകിയതെന്ന് യുവതി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന് (ഡി.ആർ.ഐ) മൊഴി നൽകിയിരുന്നു.ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ഡി.ആർ.ഐ ഭർത്താവിന്റെ യാത്രാവിവരങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് റാസൽഖൈമയിൽ നിന്ന് ചൊവ്വാഴ്ച രാത്രി മൂന്ന് മക്കളുമായി കരിപ്പൂരിലെത്തിയ ഇയാളെ ഒരുകോടി രൂപയുടെ സ്വർണവുമായി കസ്റ്റംസ് വിഭാഗം പിടികൂടുന്നത്.
എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. തുടർന്നുള്ള വിശദമായ പരിശോധനയിൽ ഇയാളുടെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ബാക്കി സ്വർണമിശ്രിതവും ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ തുടരന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഓഗസ്റ്റ് മാസത്തിൽ മാത്രം വൻതോതിലുള്ള സ്വർണവേട്ടയാണ് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നടന്നത്. ഓഗസ്റ്റ് ആദ്യവാരത്തിൽ മാത്രം സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ നിന്നായി കസ്റ്റംസ് വകുപ്പ് 11 കോടിയിലധികം രൂപ വിലമതിക്കുന്ന 18 കിലോഗ്രാം സ്വർണം പിടിച്ചെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 14 വെവ്വേറെ കേസുകളിലായി 6 മലയാളികൾ ഉൾപ്പെടെ 9 പേരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
