കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടുംചാലിൽ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 1.30 യോടെയായിരുന്നു അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ കുറ്റ്യാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബസും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ ബസിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റു. ഉടൻ തന്നെ നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അപകടത്തിൽ ലോറിയിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി പുറത്തെടുത്തു.
കുറ്റ്യാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് പ്രാഥമിക ചികിത്സ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് ഈ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.
പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണ്. വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
