Site icon Fourteen Kerala – 14 Kerala News

ഓണമാഘോഷിച്ച കുരുന്നുകളുടെ പോക്കറ്റ് കാലിയാക്കി; യൂണിഫോമില്ലെന്ന് പറഞ്ഞ് സ്വകാര്യ ബസിൽ ഫുൾ ടിക്കറ്റ് വാങ്ങിയതായി പരാതി


കോട്ടയം: ചങ്ങനാശ്ശേരിയിൽ ഓണാഘോഷം കഴിഞ്ഞ് മടങ്ങിയ സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് സ്വകാര്യ ബസ് ജീവനക്കാർ ഫുൾ ടിക്കറ്റ് ഈടാക്കിയതായി പരാതി. ചങ്ങനാശ്ശേരി-ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘തണ്ടപ്ര’ എന്ന സ്വകാര്യ ബസിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.

അഞ്ച്, ആറ് ക്ലാസുകളിൽ പഠിക്കുന്ന ഇരുപതോളം വിദ്യാർത്ഥികൾക്കാണ് ബസിൽ വെച്ച് കൺസെഷൻ നിഷേധിക്കപ്പെട്ടത്. യൂണിഫോമിൽ അല്ലാത്തതുകൊണ്ടാണ് കൺസെഷൻ നൽകാൻ കഴിയില്ലെന്ന് കണ്ടക്ടർ വാദിക്കുകയായിരുന്നു. കുട്ടികളുടെ കൈയിൽ ആവശ്യത്തിന് പണമില്ലാതിരുന്നതിനെ തുടർന്ന് ബസിലുണ്ടായിരുന്ന സഹയാത്രക്കാരാണ് പണം നൽകിയത്.

അതുകൊണ്ടു മാത്രമാണ് കുട്ടികൾക്ക് ഫുൾ ടിക്കറ്റ് എടുത്തു വീട്ടിലേക്ക് പോകാൻ സാധിച്ചത്. രണ്ടു രൂപ നൽകേണ്ട സ്ഥാനത്ത് ഇരുപത് രൂപ വീതം ഈടാക്കിയാണ് വിദ്യാർത്ഥികൾ യാത്ര ചെയ്തത്. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ കോട്ടയം ആർ.ടി.ഒയ്ക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.

Exit mobile version