Site icon Fourteen Kerala – 14 Kerala News

കൊല്ലത്ത് നഴ്സിങ് വിദ്യാർത്ഥി ജീവനൊടുക്കി; അധ്യാപകരുടെ മാനസിക പീഡനമെന്ന് ആരോപണം

കൊല്ലം: കൊല്ലത്ത് നഴ്സിങ് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഓച്ചിറ പരബ്രഹ്മ നഴ്സിങ് കോളേജിലെ നാലാം സെമസ്റ്റർ ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥിയായ അഹമദ് നജാദാണ് ജീവനൊടുക്കിയത്. കുലശേഖരപുരം ആദിനാട് തെക്ക് സ്വദേശിയാണ് മരിച്ച അഹമദ് നജാദ്.

കോളേജിലെ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത മാനസിക പീഡനത്തെ തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നാണ് സഹവിദ്യാർത്ഥികൾ ആരോപിക്കുന്നത്. പഠന കാര്യങ്ങളിലും മറ്റ് പ്രവർത്തനങ്ങളിലും അധ്യാപകർ നിരന്തരം മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നതായി സഹവിദ്യാർത്ഥികൾ വ്യക്തമാക്കുന്നു. ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

സംഭവത്തിന് പിന്നാലെ കോളേജ് അധികൃതർക്കും അധ്യാപകർക്കും എതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐ രംഗത്തെത്തിയിട്ടുണ്ട്. കുറ്റക്കാരായ അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയുമാണ്.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥിയുടെ മരണത്തിൽ അധ്യാപകർക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസും ബന്ധപ്പെട്ട അധികൃതരും പരിശോധിച്ച് വരികയാണ്.

Exit mobile version