കോഴിക്കോട് : വടകര എടോടിയിലെ ‘നന്ദ സ്റ്റുഡിയോ’യിൽ വൻ മോഷണം. ക്യാമറ, മൊബൈൽ ഫോൺ, സി.സി.ടി.വി. ക്യാമറകൾ, ക്യാഷ് കൗണ്ടറിലിരുന്ന പണം എന്നിവയാണ് കവർന്നത്. ഒന്നരലക്ഷത്തിലേറെ രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. സ്റ്റുഡിയോയുടെ പിൻഭാഗത്തെ പ്ലൈവുഡ് ഷീറ്റ് ഇളക്കിമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്.
ലോകനാർകാവ് സ്വദേശി നിഷാന്തിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്റ്റുഡിയോ. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ നിഷാന്ത് സ്റ്റുഡിയോ പൂട്ടി വീട്ടിലേക്ക് പോയിരുന്നു. ചൊവ്വാഴ്ച രാവിലെ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. പുലർച്ചെ ഒരു മണിയോടെയാണ് മോഷ്ടാവ് എത്തിയതെന്നാണ് നിഗമനം.
മോഷ്ടാവ് സ്റ്റുഡിയോയിലെ സി.സി.ടി.വി ഹാർഡ് ഡിസ്ക് ഉൾപ്പെടെ കവർന്നതായാണ് സൂചന. എന്നാൽ, സമീപത്തെ മറ്റ് കടകളിലെ സി.സി.ടി.വി ക്യാമറകളിൽ മോഷ്ടാവിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വടകര പോലീസ് സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.
